ഖാദിസിയയിലെ 185 വീടുകളിൽനിന്ന് 3936 ബാച്ചിലർമാരെ ഒഴിപ്പിച്ചു
text_fieldsഷാർജ: കുടുംബങ്ങൾക്ക് മാത്രം താമസിക്കുവാൻ അനുവാദമുള്ള അൽ ഖാദിസിയയിൽനിന്ന് തൊഴിലാളികളെയും ബാച്ചിലർമാരെയും കുടിയൊഴിപ്പിക്കാനുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ തീരുമാനം നടപ്പാക്കാനുള്ള ശ്രമങ്ങൾ ഷാർജ അധികൃതർ ശക്തമാക്കി. ഇതുവരെ 3936 ബാച്ചിലർമാരെ 185 വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. 161 റെസിഡൻഷ്യൽ യൂനിറ്റുകൾ അടച്ചുപൂട്ടി.
കുടുംബങ്ങളുടെ സ്വസ്ഥതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സ്വദേശി വീട്ടമ്മ പരാതി നൽകിയതോടെയാണ് ഒഴിപ്പിക്കൽ ശക്തമാക്കിയത്. ബാച്ചിലർ താമസിക്കാൻ നിയമപരമായി പാടില്ലാത്ത ജില്ലയായിട്ടും നൂറുകണക്കിന് പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഒഴിപ്പിക്കാനുള്ള തീരുമാനം അൽ ഖാദിസിയ ജില്ലയിൽ മാത്രമല്ല, മറ്റു കുടുംബങ്ങൾ മാത്രം താമസിക്കാൻ അനുവദിച്ചിട്ടുള്ള ജില്ലകളിലേക്കും വൈകാതെ വ്യാപിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു. മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ, പൊലീസ്, ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്. തീരുമാനം പൂർണമായും വേഗത്തിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് സലീം അൽ താരിഫി പറഞ്ഞു. പ്രചാരണത്തിെൻറ തുടക്കം മുതൽ 1514 പരിശോധനകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ബാച്ചിലർമാർ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷക്കും ആശ്വാസത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും ഈ വിഭാഗത്തിലുള്ള ആളുകൾ കൂട്ടമായും ശുചിത്വമില്ലാത്ത അവസ്ഥയിലും ജീവിക്കുമ്പോൾ പ്രശ്നം രൂക്ഷമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ സാമൂഹിക അകലവും മറ്റ് പ്രോട്ടോകാളുകളും പാലിക്കാത്തപ്പോൾ പ്രശ്നം പതിന്മടങ്ങ് വർധിക്കുന്നു. ഷാർജയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യണമെന്ന ഭരണാധികാരിയുടെ നിർദേശത്തിന് അനുസൃതമായാണ് നടപടിയെന്നും പരിശോധനാ സംഘങ്ങൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഷാർജ പൊലീസ് കമാൻഡർ -ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.
തിരക്കും ബഹളവുമകന്ന് ഖാദിസിയ
ഷാർജ: കഴിഞ്ഞദിവസം വരെ ബാച്ചിലർമാരുടെ തിക്കും തിരക്കമായിരുന്നു ഖാദിസിയക്ക്. ജോലി കഴിഞ്ഞു വരുന്നവരുടെയും ജോലിക്ക് പോകുന്നവരുടെയും ശബ്ദകോലാഹലങ്ങളിൽനിന്ന് ഖാദിസിയ പിൻവാങ്ങി തുടങ്ങി. ബാച്ചിലർമാരെ ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരും താമസ സ്ഥലങ്ങളിൽ നിന്ന് കിടക്കയും പായയുമായി പോകുന്ന വാഹനങ്ങളുമാണ് ഇപ്പോൾ ഖാദിസിയ നിറയെ. റൊട്ടിക്കടകൾക്കുമുന്നിലെ തിരക്ക് നിലച്ചിരിക്കുന്നു. ടാക്സികളും യൂനിഫോമിട്ട ഡ്രൈവർമാരും മറ്റിടങ്ങളിലേക്ക് മാറിയിരിക്കുന്നു.
ശേഷിക്കുന്ന ബാച്ചിലർമാർ ഉടൻ മാറേണ്ടിവരും. അവസാന മുന്നറിയിപ്പു ലഭിച്ചിട്ടും മാറിയില്ലെങ്കിൽ നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും. ഇത്രയും കാലം ഖാദിസിയയിൽ താമസിക്കാൻ ലഭിച്ചത് ഔദാര്യമായിരുന്നുവെന്ന കാര്യം മറന്ന മട്ടിലാണ് താമസക്കാരിൽ പലരും പരാതി ഉന്നയിക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേരിട്ടുള്ള ഉത്തരവാണിതെന്ന ബോധം പോലും പലർക്കുമില്ല. നിർദേശിച്ച സമയത്തിനകം ഖാദിസിയയിൽനിന്ന് മാറി താമസിച്ചില്ലെങ്കിൽ നിയമ നടപടി ശക്തമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.