വിമാനഭാഗങ്ങൾ നിർമിക്കാൻ ദുബൈയിൽ ത്രീഡി പ്രിന്റിങ് ഹബ്
text_fieldsദുബൈ: വിമാനത്തിന്റെ കനം കുറഞ്ഞ ഭാഗങ്ങൾ അതിവേഗത്തിൽ നിർമിക്കാൻ കഴിയുന്ന ത്രീഡി പ്രിന്റിങ് ഹബ് ദുബൈയിൽ പ്രവർത്തനം തുടങ്ങി.
ജബൽ അലിയിലാണ് രണ്ട് കോടി ദിർഹം ചെലവിട്ട് ത്രീഡി പ്രിന്റിങ് ഹബ് സ്ഥാപിച്ചത്. പ്രമുഖ കമ്പനിയായ സ്ട്രാറ്റസിസിൽനിന്നുള്ള ത്രീഡി പ്രിന്ററുകൾക്ക് പ്രതിവർഷം വിമാനത്തിന്റെ 2,000 ഭാഗങ്ങൾ വരെ പ്രിന്റ് ചെയ്യാൻ ശേഷിയുണ്ടെന്ന് കമ്പനി മേധാവി ലാങ്ഫെൽഡ് പറഞ്ഞു. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇത് 20,000 ആയി ഉയർത്താനും പദ്ധതിയുണ്ട്. വിമാനത്തിലെ സീറ്റ് ട്രേകൾ, ഫൂട്ട് സ്റ്റൂൾസ്, ആം റെസ്റ്റ് എന്നിവയാണ് കൂടുതലായും ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെ നിർമിക്കുക. നിലവിൽ യൂറോപ്പിൽ നിന്നാണ് ദുബൈയിലെ കമ്പനികൾ വിമാന ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നത്. പുതിയ ഹബ് പ്രവർത്തനം തുടങ്ങുന്നതോടെ ഇത് വലിയ തോതിൽ കുറക്കാനാവുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ആഴ്ചകളും മാസങ്ങളുമെടുത്ത് പൂർത്തീകരിച്ചിരുന്ന പ്രവൃത്തി അതിവേഗത്തിൽ ചെയ്യാനും സാധിക്കും.
ഭാരം കുറഞ്ഞ വിമാന ഘടകങ്ങൾ നിർമിക്കുന്നതിലൂടെ വ്യോമയാനരംഗത്തെ കൂടുതൽ സുസ്ഥിരമായ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യം. ചരക്കുനീക്കത്തിലൂടെ സംഭവിക്കുന്ന കാർബൺ വ്യാപനം തടയാനും സുസ്ഥിരമായ വ്യവസായമായി വ്യോമയാന രംഗത്തെ മാറ്റാനും ഇതുവഴി സാധിക്കും. കൂടുതൽ സുസ്ഥിരമായ യാത്രക്ക് ലോകം പരിഹാരം തേടുമ്പോൾ വാണിജ്യ എയർലൈൻ മേഖലയിൽനിന്നുള്ള കാർബൺ പുറന്തള്ളൽ ആഗോളതലത്തിൽ മൂന്നുശതമാനം വരെയാണ്.
എന്നാൽ, വിമാനങ്ങളിൽ ഇലക്ട്രിക് എൻജിനുകൾ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സുസ്ഥിരമായ മാർഗങ്ങൾ എന്ന നിലയിൽ വിമാന ഭാഗങ്ങൾ ദുബൈയിൽതന്നെ നിർമിക്കാൻ കഴിയുന്ന ത്രീഡി ഹബുകൾ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.