പള്ളികളുടെ പ്രവർത്തനത്തെ സഹായിക്കാൻ നാല് കോടിയുടെ മാൾ
text_fieldsദുബൈ: എമിറേറ്റിലെ മസ്ജിദുകളെ സഹായിക്കുന്നതിന് പരിസ്ഥിതി സൗഹൃദ മാൾ നിർമിക്കുന്നു. ദുബൈ എൻഡോവ്മെന്റ്സ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ (എ.ഡബ്ല്യു.ക്യു.എ.എഫ്) നിർമിക്കുന്ന മാൾ 17 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നാലു കോടി ദിർഹമാണ് മാളിന്റെ നിർമാണച്ചെലവ്. എമിറേറ്റിലെ 50 മസ്ജിദുകൾക്കാണ് മാളിലെ വരുമാനം ഉപയോഗിക്കുക. ദുബൈയുടെ ‘മോസ്ക് എൻഡോവ്മെന്റ്’ കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്.
അൽ ഖവാനീജ് ഏരിയയിൽ മൊത്തം 1.65 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മാളിൽ 29 ഷോപ്പുകൾ, വലിയ ഷോപ്പിങ് സെന്റർ, മെഡിക്കൽ സെന്റർ, റസ്റ്റാറന്റുകൾ, ഫിറ്റ്നസ് സെന്റർ എന്നിവ ഉൾപ്പെടും.
റോഡുകൾ, പൂന്തോട്ടം, പാർക്കിങ് സ്ഥലങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ട് പ്രാർഥന മുറികൾ, സേവന സൗകര്യങ്ങൾ എന്നിവയും ഇതിലുൾപ്പെടും. മാളിൽ നിന്ന് 80 ലക്ഷം ദിർഹമാണ് വാർഷിക വരുമാനം പ്രതീക്ഷിക്കുന്നത്. ഈ വരുമാനം എൻഡോവ്മെന്റുകൾ ലഭ്യമല്ലാത്ത 50 പള്ളികളുടെ ചെലവുകൾ വഹിക്കാനാണ് ഉപയോഗിക്കുക.
പരിസ്ഥിതി സൗഹൃദ സാമഗ്രികളും നിർമാണ സാങ്കേതിക വിദ്യകളും ഹരിത കെട്ടിടങ്ങൾക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് മാൾ നിർമിക്കുന്നത്.
സൗരോർജവും പുനരുപയോഗിക്കാവുന്ന ഊർജവും ഉൽപാദിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തും.
യു.എ.ഇയിലെ മസ്ജിദുകളെ സഹായിക്കുന്നതിന് നൂതന മാതൃക സൃഷ്ടിക്കുന്ന സുസ്ഥിര എൻഡോവ്മെന്റ് പദ്ധതി കെട്ടിപ്പടുക്കുന്നതിനുള്ള കാമ്പയിനിലേക്ക് സംഭാവന നൽകാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും വ്യക്തികളോടും എ.ഡബ്ല്യു.ക്യു.എ.എഫ് ദുബൈ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.