സൗദിയിൽ 40 ലക്ഷം തൊഴിൽ സാധ്യത -മന്ത്രി വി. മുരളീധരൻ; 'ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യും'
text_fieldsദുബൈ: സൗദി അറേബ്യയിൽ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ സൗദി തൊഴിൽ മന്ത്രി അഹ്മദ് അൽ റജ്ഹിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് അബൂദബി ഡയലോഗിൽ പങ്കെടുക്കാൻ യു.എ.ഇയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകായിരുന്നു.
40 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിഷൻ 2030 സൗദിയിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിൽ വിദഗ്ദ തൊഴിലാളികളായ ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട് അവർ നേടിയ കഴിവുകൾ പരസ്പരം കൈമാറുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഇന്ത്യയും സൗദിയും ധാരണയായി. അബൂദബി ഡയലോഗിൽ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. കോവിഡ് കാലത്ത് വളരെ പ്രാധാന്യമേറിയ ചർച്ചയാണ് അബൂദബി ഡയലോഗ്. പ്രവാസി തൊഴിലാളികൾക്ക് ഇത് വളരെയേറെ ഗുണം ചെയ്യും.
തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന, അവരുടെ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തിൽ എല്ലാ മന്ത്രിമാരും യോജിപ്പ് പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകും. ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കാനാണ് പൊതു ധാരണ ഉണ്ടായത്. ഗാർഹീക തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികൾ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് ഐക്യകണ്ഡേന തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആറ് ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരും ഇവിടെ തൊഴിലെടുക്കുന്ന 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയാണ് അബൂദബി ഡയലോഗ്. 25ന് തുടങ്ങിയ പരിപാടി 29ന് സമാപിക്കും. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ചൈന, ഇൻഡോനേഷ്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ ഏഷ്യൻ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോ 2020യിലെത്തിയ മന്ത്രി ഇന്ത്യ, യു.എ.ഇ, സെനഗൽ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനും സന്ദർശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.