അല്‍ ദഫ്ര സൗന്ദര്യമത്സരത്തില്‍ 40,000 ഒട്ടകം
text_fieldsഅബൂദബി: അല്‍ ദഫ്ര ഫെസ്റ്റിവലിെൻറ ഭാഗമായ ഒട്ടക സൗന്ദര്യ മത്സരത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് അബൂദബിയിലെത്തിയിരിക്കുന്നത് നാല്പതിനായിരത്തോളം ഒട്ടകം. ബഹ്റൈൻ, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ലക്ഷണമൊത്ത വിവിധയിനം ഒട്ടകങ്ങളെ എത്തിച്ചത്. ആണ് ഒട്ടകങ്ങള്‍ വഴക്കടിക്കുന്ന ശീലമുള്ളവയാണെന്നതിനാല് പെണ് ഒട്ടകങ്ങളെ മാത്രമാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതെന്നും അഞ്ചംഗ ജൂറിയാണ് വിധി നിര്‍ണയിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മത്സരത്തില്‍ ജയിക്കാനായി ഒട്ടകങ്ങളെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരും നിരോധിത മരുന്ന് കുത്തിവെച്ച് ശരീരഭാഗങ്ങളില്‍ രൂപമാറ്റം വരുത്തുന്നവരും നിരവധിയുണ്ട്.
അത്തരത്തില്‍ രൂപമാറ്റം വരുത്തിയ ഒട്ടകങ്ങളെ മത്സരത്തില്‍നിന്ന് പുറത്താക്കുകയാണ് പതിവ്. സൂക്ഷ്മമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം ഒട്ടകങ്ങളെ രൂപമാറ്റത്തിനോ ഹോര്‍മോണ്‍ കുത്തിവെച്ചവയോ അല്ലെന്ന് ബോധ്യപ്പെട്ടശേഷമാണ് മത്സരത്തില്‍ പ്രവേശിപ്പിക്കുക. ഓരോ വിഭാഗം മത്സരങ്ങളിലും 10 ജേതാക്കളെ വീതമാണ് തിരഞ്ഞെടുക്കുക. 1300 മുതല്‍ 13,600 ഡോളര്‍ വരെയാണ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. അറബ് ലോകത്ത് ഒട്ടകങ്ങള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതിനും അവയുമായി ബന്ധപ്പെട്ട പൈതൃകം വരുംതലമുറക്കുകൂടി കൈമാറുന്നതിനുമാണ് അല്ദഫ്രഫെസ്റ്റിവല് സംഘടിപ്പിച്ചിരിക്കുന്നത്. മരുഭൂമിയില്‍ നടക്കുന്ന ഒട്ടകസൗന്ദര്യമത്സരം കാണാന്‍ ലോകത്തിെൻറ വിവിധ ഭാഗത്തുനിന്നുള്ള ഒട്ടകപ്രേമികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് വരുന്നതെന്ന് സംഘാടകര്‍ പറയുന്നു.
യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന 'മഹാലിയത്ത്', സൗദി അറേബ്യയില്‍നിന്നുള്ള 'മജാഹീന്' എന്നീ ഇനങ്ങളിൽപെട്ട ഒട്ടകങ്ങളെയാണ് 10 വിഭാഗങ്ങളായി തിരിച്ച് മത്സരത്തില്‍ അണിനിരത്തുന്നത്. വിജയികളാവുന്ന ഒട്ടകങ്ങളെ സ്വര്‍ണവും വെള്ളിയും നൂലുകള്‍ തുന്നിയ ഷാളുകള്‍ പുതപ്പിക്കുകയും ഇവയുമായി വിക്ടറി പരേഡ് നടത്തുകയും ചെയ്യും. ഹോണുകള്‍ മുഴക്കി മുന്നില്പോവുന്ന നിരവധി എസ്.യു.വികളെ അനുഗമിച്ചാണ് ജേതാക്കളായ ഒട്ടകങ്ങളുടെ വിക്ടറി പരേഡ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.