42 വർഷം പത്രവിതരണം; ഹുസൈൻ പ്രവാസത്തോട് വിടചൊല്ലുന്നു
text_fieldsഅബൂദബി: പ്രവാസലോകത്തെ 42 വർഷം നീണ്ട പത്രവിതരണ ജോലിയുടെ ചരിത്രവുമായി കോട്ടക്കൽ പുലിക്കോട് കൊളക്കാടൻ കുട്ടിയാലി ഹാജിയുടെ മകൻ ഹുസൈൻ (60) വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. അൽഐനിലും ബുറൈമിയിലും കൊടുംചൂടിലും മൂടൽമഞ്ഞിലും കോവിഡ് വ്യാപനകാലത്തും പത്രവിതരണം നടത്തി. കാൽനടയായും സൈക്കിളിലും മോട്ടോർ ബൈക്കിലുമായാണ് പത്രവിതരണം നടത്തിയത്.
1979 ആഗസ്റ്റിലാണ് മുംബൈയിൽനിന്ന് വിമാനത്തിൽ അബൂദബിയിലെത്തിയത്. അൽഐനിൽ ഇത്തിഹാദ് അറബി പത്രത്തിെൻറ വിതരണക്കാരായി പ്രവർത്തിച്ചുവരുകയായിരുന്ന മൂത്ത സഹോദരന്മാരായ സെയ്തലവിയും കുഞ്ഞഹമ്മദ് കുട്ടിയും തരപ്പെടുത്തിയ വിസയിലാണ് എത്തിയത്. അൽഐനിലെത്തി നാലാം ദിവസം മുതൽ പത്രവിതരണം തുടങ്ങി. അന്ന് ഒരു ദിർഹത്തിെൻറ പത്രം വിറ്റാൽ നേർപകുതി 50 ഫിൽസ് വിതരണക്കാരന് കമീഷൻ. അൽഐനിലെ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, ബസ്സ്റ്റാൻഡ് പരിസരങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂടിൽ കാൽനടയായി പത്രം ആവശ്യക്കാർക്ക് നൽകണം. വലിയ വിദ്യാഭ്യാസമില്ലാത്തതിനാൽ മെച്ചപ്പെട്ട ജോലിക്ക് സാധ്യതയില്ലെന്ന തിരിച്ചറിവിൽ പത്രം വിറ്റ് ഒരോദിവസവും പുലർച്ചെ മുതൽ ഉച്ചവരെ അലയുമായിരുന്നു. കഠിനപരിശ്രമത്തിൽ 25 മുതൽ 30വരെ പത്രമാണ് ആദ്യകാലങ്ങളിൽ വിറ്റഴിച്ചിരുന്നത്.
അൽഐൻ ഡിഫൻസിെൻറ ഗേറ്റിലേക്ക് പത്രവിതരണം മാറിയതോടെ 100 മുതൽ 150 പത്രം വരെ ദിനംപ്രതി വിറ്റഴിച്ചു. ഒന്നരവർഷത്തോളം ഇവിടെ പത്രം വിതരണം ചെയ്തു. ദിവസം 75 ദിർഹം വരെ പോക്കറ്റിൽ വീഴുന്ന കാലത്ത്, ചൂടേറിയ പകലുകളിൽ രണ്ടും മൂന്നും വട്ടം തലയിൽ തണുത്ത വെള്ളം ഒഴിക്കേണ്ടിവരും.മൂത്ത ജ്യേഷ്ഠൻമാർ നാട്ടിൽ പോകുന്ന വേളയിലാണ് സൈക്കിളിൽ പത്രവിതരണം ആരംഭിച്ചത്. 1982ലാണ് മോട്ടോർ സൈക്കിൾ ഡ്രൈവിങ് പഠിച്ചത്. അന്നു മുതൽ 39 വർഷം തുടർച്ചയായി പത്രം കടകളിലും വീടുകളിലും എത്തിക്കുന്നത് മോട്ടോർ സൈക്കിളിലാണ്. കോവിഡ് വ്യാപനവും ലോക്ഡൗണും ഉണ്ടായപ്പോഴും ബുദ്ധിമുട്ടുകൾ സഹിച്ച് പത്രം കൃത്യസമയത്ത് വായനക്കാർക്ക് എത്തിക്കുന്ന ജോലി തുടർന്നു. പത്രത്തിന് ഒരു ദിർഹം വിലയുണ്ടായിരുന്നപ്പോഴും രണ്ടു ദിർഹം വിലയുള്ളപ്പോഴും വിതരണക്കാരന് ലഭിക്കുന്ന കമീഷൻ 50 ഫിൽസാണ്.
മലയാള പത്രങ്ങളുടെ എഡിഷനുകൾ ആരംഭിക്കുംമുമ്പ് പല പത്രങ്ങളും പിറ്റേ ദിവസമാണ് വായനക്കാർക്ക് എത്തിച്ചിരുന്നത്. മുംെബെയിൽനിന്ന് വിമാനത്തിൽ ദുബൈയിലെത്തുന്ന പത്രം അൽഐനിലെത്തുന്നത് വൈകുന്നേരങ്ങളിലാണ്. ദുബൈയിൽ എഡിഷൻ ആരംഭിച്ചതോടെയാണ് വായനക്കാർക്ക് മലയാളപത്രങ്ങൾ രാവിലെ എത്തിക്കാൻ കഴിഞ്ഞത്.ഹുസൈെൻറ ജ്യേഷ്ഠാനുജന്മാരായി ആറുപേരാണ് അൽഐനിൽ പത്രവിതരണ ജോലിയിലേർപ്പെട്ടിരുന്നത്. കുഞ്ഞുമുഹമ്മദ്കുട്ടി, സെയ്തലവി, മുഹമ്മദ്, അവറു, ഹംസ എന്നിവരാണ് ഹുസൈനെ കൂടാതെ ഈ രംഗത്ത് പ്രവർത്തിച്ചത്. മാധ്യമം പ്രസിദ്ധീകരണം ആരംഭിച്ച സമയത്ത് 175 പത്രമാണ് അൽഐൻ മേഖലയിൽ ബ്രദേഴ്‌സ് വിറ്റിരുന്നത്.ആദ്യകാലങ്ങളിൽ ഇന്ത്യയിൽനിന്ന് പത്രം വന്നാൽ വായനക്കാരന് കൈമാറുന്നതിനുമുമ്പെ സെൻസറിങ് നടത്തുന്ന ജോലികളും നിർവഹിക്കണം.
ചില പേജുകൾതന്നെ കീറിമാറ്റണം. അല്ലെങ്കിൽ, കട്ടിയുള്ള കറുത്ത മഷിയുടെ മാർക്കർ പേനകൊണ്ട് സെൻസർ ചെയ്യുന്ന വാർത്തകൾ വായിക്കാൻ കഴിയാത്ത വിധം വെട്ടണം. അല്ലാതെ വിതരണം ചെയ്യാൻ പാടില്ലായിരുന്നു.നാട്ടിൽ വീടും സ്ഥലവും മക്കൾക്ക് നല്ല വിദ്യാഭ്യാസവുമൊക്കെ നൽകാനായത് പൊരിവെയിലെത്ത് പത്രം വിറ്റതിെൻറ നേട്ടമാണെന്ന് ഹുസൈൻ പറയുന്നു.
വ്യാഴാഴ്ച രാത്രി 11.55ന് ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തികഞ്ഞ സംതൃപ്തിയോടെയാണ് ഹുസൈൻ കോട്ടക്കൽ പുലിക്കോടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തിയാൽ കൃഷിയുമായി കുടുംബത്തോടൊപ്പം ശേഷിക്കുന്ന കാലം കഴിയണമെന്നാണ് ആഗ്രഹം. ഭാര്യ: ഹബീദ. മക്കൾ: മുഹമ്മദ് റഫീഖ് (ദുബൈ), മുഹമ്മദ് റസീഖ് (അബൂദബി), മുഹമ്മദ് റിഫായ് (പോളിടെക്നിക് വിദ്യാർഥി), ഹുസൈനത്ത് ബീഗം. മരുമകൻ: സൈഫുദ്ദീൻ (സൗദി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.