ഗസ്സക്ക് ഭക്ഷണമെത്തിക്കാൻ 4.3 കോടി ദിർഹം അനുവദിച്ചു
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തെത്തുടർന്ന്, ഗസ്സയിൽ നേരിട്ടുള്ള ഭക്ഷണ സഹായത്തിനായി 4.3 കോടി ദിർഹം സംഭാവന ചെയ്തതായി മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) അറിയിച്ചു. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാ (ഡബ്ല്യു.എഫ്.പി) മിനാണ് സഹായം കൈമാറിയത്. ജനുവരി 15 മുതൽ സ്വിറ്റ്സർലൻഡിലെ ദാവൂസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഇതു സംബന്ധിച്ച കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചത്. 2021ൽ മുതൽ ഡബ്ല്യു.എഫ്.പിയുമായി സഹകരിക്കുന്ന എം.ബി.ആർ.ജി.ഐ ഇതുവരെ 23 കോടി ദിർഹത്തിന്റെ സഹായം കൈമാറിക്കഴിഞ്ഞു. കരാർ പ്രകാരം ഗസ്സയിലെ പത്തുലക്ഷം ജനങ്ങൾക്ക് ഡബ്ല്യു.എഫ്.പി സഹായം വിതരണം ചെയ്യും. അതോടൊപ്പം ലോക വ്യാപകമായി സഹായം അത്യാവശ്യമുള്ളവർക്ക് ഭക്ഷണസഹായം എത്തിക്കുന്നതിനായി സുസ്ഥിര ഭക്ഷ്യപദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിലും ഇരുകൂട്ടരും ഒപ്പുവെച്ചു. എം.ബി.ആർ.ജി.ഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖർഗാവിയും ഡബ്ല്യു.എഫ്.പി എക്സിക്യൂട്ടിവ് ഡയറക്ടറുമാണ് കരാറിൽ ഒപ്പുവെച്ചത്. ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ എല്ലാദിവസം ഡബ്ല്യു.എഫ്.പി ഭക്ഷ്യവിതരണം നടത്തുന്നുണ്ട്. ഡിസംബറിൽ ഇത് ഒമ്പതു ലക്ഷം ആളുകളിലെത്തിയതായും ഡബ്ല്യു.എഫ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.