അജ്മാനില്‍ 45 യാചകരെ പിടികൂടി
text_fieldsഅജ്മാന്: എമിറേറ്റില്‍ സ്ത്രീകളടക്കമുള്ള 45 യാചകരെ പൊലീസ് പിടികൂടി. അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവരില്‍ അധികവും. കഴിഞ്ഞ ജനുവരി അവസാന വാരത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത്തരക്കാര്‍ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതായും ജനങ്ങളുടെ പണം അനധികൃതമായി കൊള്ളയടിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
സാമൂഹിക സുരക്ഷക്കും സമാധാനത്തിനും ഹാനികരമാകുന്ന നിഷേധാത്മക പ്രതിഭാസങ്ങളെ ചെറുക്കുന്നതിനും സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിനും അജ്മാൻ പൊലീസ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു. ദയനീയതയും ദാരിദ്ര്യവും അഭിനയിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യാചന സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അസൗകര്യവും നാണക്കേടും ഉണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാചകരോട് പ്രതികരിക്കരുതെന്ന് ലെഫ്. കേണൽ അൽ നുഐമി ആവശ്യപ്പെട്ടു.
ഇത്തരം സംഭവം ശ്രദ്ധയിൽപെട്ടാല്‍ 067034310 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.