ലൈബ്രറികൾക്ക് പുസ്തകം വാങ്ങാൻ 45 ലക്ഷം ദിർഹം
text_fieldsഷാർജ: എമിറേറ്റിലെ പൊതു ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു.
43ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കുന്ന പ്രസാധകരുടെ പക്കൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങുക. വൈവിധ്യമാർന്ന സാഹിത്യ ഉള്ളടക്കമുള്ള പുസ്തകം ലഭ്യമാക്കി പൊതു ലൈബ്രറികളെ സമ്പന്നമാക്കുകയാണ് ലക്ഷ്യം. അതുവഴി ഗവേഷകർക്കും വായനക്കാർക്കും പ്രധാന റഫറൻസ് കേന്ദ്രമായി പൊതു ലൈബ്രറികൾ മാറും.
പുസ്തകം വാങ്ങുക വഴി പ്രസാധകരെയും സഹായിക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയവും ബൗദ്ധികവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ ശേഖരം ശക്തിപ്പെടുത്തുന്നതു വഴി അറിവിന്റെയും നവീകരണത്തിന്റെയും കാര്യത്തിൽ സമൂഹം മുൻപന്തിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇത്തരം ഗ്രാൻഡിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്നായി 2500 പ്രസാധകരാണ് വൈവിധ്യമാർന്ന തലക്കെട്ടുകളിലുള്ള പുസ്തകങ്ങളുമായി പ്രദർശനത്തിനെത്തിയിരിക്കുന്നത്. പുസ്തകങ്ങൾ കൊണ്ട് ലൈബ്രറികളെ സമ്പന്നമാക്കുന്നതിലൂടെ ഷാർജയുടെ സാംസ്കാരിക നവോഥാനത്തിന് മൂല്യവത്തായ സംഭാവന നൽകാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തവണയും രാജ്യാന്തര പുസ്തകമേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ സുൽത്താൻ വൻ തുക അനുവദിച്ചിരുന്നു. ഷാർജ ബുക്ക് അതോറിറ്റിയാണ് നവംബർ 17 വരെ നടക്കുന്ന പുസ്തകമേളയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.