‘ഡിജിറ്റൽ സ്കൂൾ’ പദ്ധതിയിലേക്ക് 450 കമ്പ്യൂട്ടർ നൽകി ആർ.ടി.എ
text_fieldsദുബൈ: ഡിജിറ്റൽ ഉപകരണങ്ങൾ ലോകത്തെ പിന്നാക്ക സമൂഹങ്ങളിലെ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഡിജിറ്റൽ സ്കൂൾ’ പദ്ധതിയിലേക്ക് 450 കമ്പ്യൂട്ടറുകൾ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ‘ഡിജിറ്റൽ സ്കൂൾ’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്’ സംരംഭത്തിലേക്കാണ് കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ചശേഷം നവീകരിച്ച് ഉപയോഗക്ഷമമാക്കിയശേഷം സ്കൂളുകൾക്ക് നൽകുന്നതാണ് പദ്ധതി.
ഏറ്റവും നൂതന വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നത് ലക്ഷ്യംവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് തുടക്കമിട്ടത്.
115 ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും 335 ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങളുമാണ് ആർ.ടി.എ നൽകിയത്. സ്ഥാപനത്തിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയുടെ ഭാഗമായതെന്നും അടിസ്ഥാന വിദ്യാഭ്യാസ സംവിധാനങ്ങളെന്ന നിലയിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ആർ.ടി.എ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദാ അൽ മഹ്രീസി പറഞ്ഞു. പദ്ധതിയിൽ ഭാഗമാകുന്നതിന് പരിസ്ഥിതി സംരക്ഷണ ലക്ഷ്യം കൂടിയുണ്ടെന്നും ഉപകരണങ്ങൾ പുനരുപയോഗിക്കുന്നത് യു.എ.ഇയുടെ ‘സുസ്ഥിരത വർഷാചരണ’വുമായി ചേർന്നുവരുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ സഹകരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതുവഴി 10,000 ഇലക്ട്രോണിക് ഉപകരണങ്ങളെങ്കിലും ശേഖരിക്കാനാണ് ലക്ഷ്യംവെക്കുന്നത്. കൂടുതലായുള്ളതും ഉപയോഗം അവസാനിപ്പിച്ചതുമായ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും പദ്ധതിയിലേക്ക് നൽകാം. സുസ്ഥിരതക്കും പുനരുപയോഗത്തിനും പ്രാധാന്യം നൽകുന്നത് പരിഗണിച്ച് പങ്കാളികളാകുന്ന സ്ഥാപനങ്ങൾക്ക് ഹരിത സംഭാവന സർട്ടിഫിക്കറ്റ് അധികൃതർ നൽകുന്നുണ്ട്. എട്ട് രാജ്യങ്ങളിലാണ് ‘ഡിജിറ്റൽ സ്കൂൾ‘ പദ്ധതി നടപ്പാക്കിവരുന്നത്. ഇതുവഴി 50,000 ഡിജിറ്റൽ ഉപകരണങ്ങൾ നൽകാൻ സാധിച്ചു. 2026ഓടെ 10 ലക്ഷം കുട്ടികൾക്ക് പദ്ധതി വഴി സഹായമെത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.