50 ലക്ഷം യുട്യൂബ് വരിക്കാർ; ആഘോഷമൊരുക്കി മീഡിയവൺ യു.എ.ഇ ടീം
text_fieldsദുബൈ: യുട്യൂബിൽ അമ്പത് ലക്ഷം വരിക്കാർ എന്ന നേട്ടം ആഘോഷമാക്കി മീഡിയവൺ യു.എ.ഇ ടീമംഗങ്ങൾ. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ദുബൈ മാളിലാണ് ആഘോഷത്തിന് വേദിയൊരുക്കിയത്. ദുബൈ മാളിലെ ഡിഷ് ഡാഷ് റസ്റ്റാറന്റിൽ ഒത്തുചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് മീഡിയവൺ ടീമംഗങ്ങളും അഭ്യുദയകാംക്ഷികളും അഞ്ച് ദശലക്ഷം വരിക്കാരെന്ന നേട്ടം ആഘോഷിച്ചത്. 40 ലക്ഷം വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ട് ഒരുവർഷത്തിനകം പത്ത് ലക്ഷം പേർകൂടി മീഡിയവണിനെ യുട്യൂബിൽ പിന്തുടരാനാരംഭിച്ചു. ഇത് വാർത്തകൾ ശ്രദ്ധിക്കുന്ന പുതുതലമുറ വിവരങ്ങൾക്കായി കൂടുതൽ മീഡിയവണിനെ ആശ്രയിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, ഉപദേശക സമിതിയംഗം അമീർ അഹമ്മദ്, ഗൾഫ് മാധ്യമം-മീഡിയവൺ ജി.സി.സി ഡയറക്ടർ സലീം അമ്പലൻ, അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് മുൻസിർ, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, മീഡിയവൺ മീഡിയ സൊല്യൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
മീഡിയവൺ-ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹസിൻ, സിറാജുദ്ദീൻ ഷമീം എന്നിവർക്ക് പുറമേ, മീഡിയവൺ-ഗൾഫ് മാധ്യമം സ്റ്റാഫ് അംഗങ്ങളും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ കേക്ക് നിർമാതാക്കളായ കേക്ക് ഹട്ടാണ് ഭീമൻ കേക്ക് ആഘോഷത്തിന് സമ്മാനമായി എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.