ദുബൈ സഫാരി പാർക്കിന് അഞ്ചുവയസ്സ്
text_fieldsദുബൈ: മരുഭൂമിയുടെ നടുവിലെ വനവും മൃഗങ്ങളുടെ സങ്കേത കേന്ദ്രവുമായ ദുബൈ സഫാരി പാർക്കിന് അഞ്ചുവയസ്സ്. 153 നവജാത മൃഗങ്ങൾ കൂടി സഫാരി പാർക്കിന്റെ ഭാഗമായതായി അധികൃതർ വെളിപ്പെടുത്തി.2017 ഡിസംബർ 12നാണ് ലോകത്തിലെ ഏറ്റവും വലിയ സഫാരികളിലൊന്നായ ദുബൈ സഫാരി പാർക്ക് തുറന്നത്. 275 വർഗത്തിൽപെട്ട 3000ത്തോളം മൃഗങ്ങളുടെ കേന്ദ്രമാണിത്. മൃഗങ്ങളുടെ പ്രജനനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളെ കൂടുതൽ അടുത്തുകാണാനും അടുത്തറിയാനും പഠിക്കാനുമെല്ലാം സൗകര്യമുള്ള പാർക്കാണിത്.
വംശനാശ ഭീഷണി നേരിടുന്ന നിരവധി മൃഗങ്ങൾ ഇവിടെയുണ്ട്. റേഡിയേറ്റഡ് ആമ, റെഡ് ഫ്രണ്ടഡ് തത്തകൾ, റെഡ്-റഫ്ഡ് കുരങ്ങ്, ബ്ലാക്ക് ആൻഡ് വൈറ്റ്-റഫ്ഡ് കുരങ്ങ്, വൈറ്റ്-ചീക്ക്ഡ് ഗിബ്ബൺ (കുരങ്ങ്), വെസ്റ്റേൺ ലോലാൻഡ് ഗൊറില്ല, അഡാക്സ് (കൃഷ്ണമൃഗം) എന്നിവ ഇതിൽ പ്രധാനികളാണ്. ഇവയുടെ പുനരധിവാസത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പാർക്ക് ഒരുക്കുന്നു. ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് സഫാരി പാർക്ക്. അതിനാൽ, മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി സംരക്ഷണ നയത്തിനനുസൃതമായാണ് പ്രവർത്തനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ മൃഗശാലകളുമായി ചേർന്ന് മൃഗങ്ങളുടെ കൈമാറ്റത്തിനും കരാർ ഒപ്പുവെച്ചിട്ടുണ്ട്. സ്വീഡനിലെ പാർക്കൻ സൂ, യു.കെയിലെ മാനർ വൈൽഡ് ലൈഫ് പാർക്ക്, അയർലൻഡിലെ ഫോട്ട വൈൽഡ്ലൈഫ് പാർക്ക്, ഇന്ത്യയിലെ വിവിധ മൃഗശാലകൾ എന്നിവയുമായി മൃഗങ്ങളുടെ കൈമാറ്റത്തിന് കരാറുണ്ട്. യു.എ.ഇയിലെ അൽ ഐൻ സൂ, ഗ്രീൻ പ്ലാനറ്റ്, ഷാർജ ബ്രീഡിങ് സെന്റർ, എമിറേറ്റ്സ് പാർക്ക് സൂ എന്നിവയുമായും മൃഗങ്ങളെ കൈമാറുന്നു.
സന്ദർശകർക്ക് dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക് തുടങ്ങുന്നത്.എന്നാൽ, കൂടുതൽ മേഖലകളിലേക്ക് പോകുന്നതിനും ബസ്, ട്രെയിൻ പോലുള്ളവയിൽ സഫാരി നടത്തുന്നതിനും കൂടിയ ടിക്കറ്റ് എടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.