അജ്മാനിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്
text_fieldsഅജ്മാൻ: എമിറേറ്റിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ട്രാഫിക് പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് ട്രാഫിക് പൊലീസ്. ആകെ പിഴത്തുകയുടെ 50 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അജ്മാന് പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത മേഖലയിൽ കൂടി ഓവർടേക്കിങ് നടത്തുക, പരമാവധി വേഗപരിധി ലംഘിക്കുക, മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ ഒഴികെ എല്ലാവിധ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് ബാധകമായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നവംബർ നാല് മുതല്‍ ഡിസംബർ 15 വരെ പിഴയിളവ് ലഭിക്കും. ഈ വർഷം ഒക്ടോബർ 31വരെ പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതുവഴി വാഹനം പിടിച്ചെടുക്കുന്നതും ലൈസൻസിൽ ലഭിച്ച ബ്ലാക്ക് പോയിന്റും ഒഴിവാക്കാനും പുതിയ ആനുകൂല്യം വഴി സാധിക്കും.
നിയമലംഘകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ മൂലം വലിയ പിഴകൾ നേരിടുന്നവരെ സഹായിക്കാനുമാണ് പുതിയ തീരുമാനം. മുഴുവൻ റോഡ് ഉപഭോക്താക്കളും ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് അജ്മാൻ ട്രാഫിക് പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ തീരുമാനവും.
കഴിഞ്ഞ ഒക്ടോബറിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പൊലീസ് 126 ഇടങ്ങളിൽ സ്മാർട്ട് ഗേറ്റ് സ്ഥാപിച്ചിരുന്നു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പകർത്താൻ കഴിയുന്ന എ.ഐ കാമറയാണ് സ്മാർട്ട് ഗേറ്റിൽ സജ്ജമാക്കിയിട്ടുള്ളത്. മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്താൽ 400 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.