പുത്തനാശയങ്ങളുമായി കേരളത്തിൽനിന്ന് 50 സ്റ്റാർട്ടപ്പുകൾ
text_fieldsദുബൈ: ആഗോള സാങ്കേതികവിദ്യ പ്രദർശനത്തിൽ പുതിയ ആശയങ്ങളുമായി കേരളത്തിൽനിന്ന് ഇത്തവണയെത്തിയത് 50 സ്റ്റാർട്ടപ്പുകൾ. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിലാണ് ദുബൈ ഹാർബറിലെ ജൈടെക്സ് നോർത്ത് സ്റ്റാറിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. മികച്ച ഉൽപന്നങ്ങളുള്ള, വരുമാനമുണ്ടാക്കാൻ തുടങ്ങിയ സ്റ്റാർട്ടപ്പുകളാണ് പ്രദർശനത്തിൽ ഇടംപിടിച്ചത്. ഐ.ടി, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഐ.ഒ.ടി, സോഫ്റ്റ്വെയർ, ഇ.വി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങൾ കേരള സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്തുന്നുണ്ട്. സന്ദർശകർക്ക് പുതിയ ഉൽപന്നങ്ങളെ മനസ്സിലാക്കാനുള്ള അവസരവും ബിസിനസ്, നിക്ഷേപ അവസരങ്ങളും പ്രദർശനത്തിലുണ്ട്.
ജൈടെക്സ് നോർത്ത് സ്റ്റാറിൽ അരങ്ങേറുന്ന സൂപ്പർനോവ ചലഞ്ചിൽ എട്ട് കേരള സ്റ്റാർട്ടപ്പുകൾ ഇടംപിടിച്ചിട്ടുമുണ്ട്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സരത്തിന്റെ സെമി ഫൈനലിലാണ് കേരള സ്റ്റാർട്ടപ്പുകൾ ഇടംപിടിച്ചത്.
ജെൻറോബോട്ടിക്സ്, ബ്രെയ്ൻവയേഡ്, ഹൈപ്പർകോഷ്വന്റ്, അകൂട്രോ ടെക്നോളജീസ്, ഐറോവ്, നോവൽ സസ്റ്റയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, എസ്ട്രോടെക്ക് എന്നിവയാണ് സെമിയിൽ എത്തിയ സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ് മിഷൻ പവിലിയൻ ഉദ്ഘാടനം തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഡോ. കെ.പി. ഹുസൈനാണ് നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.