കടലില്‍നിന്ന് നീക്കിയത് 45,000 കിലോ പ്ലാസ്റ്റിക് മാലിന്യം
text_fieldsഅബൂദബി: യു.എസ് സംഘടനയുമായി സഹകരിച്ച് അബൂദബി ആസ്ഥാനമായ കമ്പനി കടലില്‍ നിന്ന് നീക്കിയത് ഒരുലക്ഷം പൗണ്ടിലേറെ (45,000 കിലോ) പ്ലാസ്റ്റിക് മാലിന്യം. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ കമ്പനിയായ മള്‍ട്ടിപ്ലൈ ഗ്രൂപ്പാണ് യു.എസ് ആസ്ഥാനമായ 4 ഓഷ്യന്‍ എന്ന സംഘടനയുമായി സഹകരിച്ച് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ദൗത്യം നടത്തിയത്. കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് ആതിഥ്യം വഹിക്കുന്ന യു.എ.ഇയുടെ സുസ്ഥിര വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതാണ് പദ്ധതി.
സമുദ്ര മലിനീകരണത്തിന്റെ 80 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണെന്നാണ് വിലയിരുത്തൽ. ഓരോ വര്‍ഷവും 80 ലക്ഷം മുതല്‍ ഒരുകോടി മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ തള്ളപ്പെടുന്നത്. ഇത് സമുദ്രജീവികള്‍ക്കു പുറമെ മനുഷ്യാരോഗ്യത്തിനും ഹാനികരമായതാണെന്ന് മള്‍ട്ടിപ്ലൈ ഗ്രൂപ് സ്ട്രാറ്റജി ഡയറക്ടര്‍ ലാമ അല്‍ ബാഷിര്‍ ചൂണ്ടിക്കാട്ടി. സുസ്ഥിരത വര്‍ഷവുമായി ബന്ധപ്പെട്ടാണ് 4 ഓഷ്യനുമായി സഹകരിച്ച് ലോകസമുദ്ര ദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ലാമ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
സമുദ്രങ്ങള്‍ ശുചിയാക്കുന്നതിന് മള്‍ട്ടിപ്ലൈ ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ ആകാംക്ഷഭരിതരാണെന്നും ഇത്തരം പുതിയ പങ്കാളിത്തങ്ങളിലൂടെയാണ് ലോകത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം വര്‍ധിപ്പിക്കുന്നതെന്നും 4 ഓഷ്യന്‍ സി.ഇ.ഒയും സഹ സ്ഥാപകനുമായ അലക്സ് ഷൂല്‍സ് പറഞ്ഞു. ഈ വര്‍ഷമാദ്യം മള്‍ട്ടിപ്ലൈ ഗ്രൂപ് ജീവനക്കാരും മറ്റ് വളന്റിയര്‍മാരും ചേര്‍ന്ന് അല്‍ നൂഫ് തീരം മാലിന്യമുക്തമാക്കാന്‍ യത്നിക്കുകയും 420 പൗണ്ട് പ്ലാസ്റ്റിക് നീക്കുകയും ചെയ്തിരുന്നു.
ഓരോ വര്‍ഷവും ഏകദേശം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ലോകത്തെ സമുദ്രങ്ങളില്‍ വന്നടിയുന്നതായിട്ടാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അബൂദബിയില്‍ ചത്ത ഹോക്സ്ബില്‍ ആമകളില്‍ 80 ശതമാനത്തിലും പ്ലാസ്റ്റിക് കണ്ടെത്തിയതായി പരിസ്ഥിതി ഏജന്‍സി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2008 മുതല്‍ നൂറുകണക്കിന് ഒട്ടകങ്ങളുടെ മരണത്തിനും പ്ലാസ്റ്റിക് കാരണമായതായി പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.