ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ
text_fieldsദുബൈ: പ്രകൃതിസംരക്ഷണത്തിന് മുഖ്യപ്രാധാന്യം നൽകുന്ന ദുബൈയിൽ വളന്‍റിയർമാർ ഒരു മണിക്കൂറിൽ നട്ടുപിടിപ്പിച്ചത് 5000 കണ്ടൽച്ചെടികൾ. അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടൊരുക്കാൻ മുൻകൈയെടുത്തത്. 2030ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ എന്ന യു.എ.ഇയുടെ ലക്ഷ്യത്തിന് കരുത്തു പകരാനാണ് 100ഓളം പേർ ചേർന്ന് കണ്ടൽച്ചെടികൾ നട്ടത്.
60 ദശലക്ഷം കണ്ടൽച്ചെടികളുള്ള നാടാണ് യു.എ.ഇ. 183 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകൾ 43,000 ടൺ കാർബൺ ഡയോക്സൈഡാണ് ഓരോ വർഷവും വലിച്ചെടുക്കുന്നത്. ദിവസവും നിരവധി വാഹനങ്ങൾ പുറത്തിറങ്ങുകയും കമ്പനികൾ പ്രവർത്തിക്കുകയും ചെയ്യുന്ന യു.എ.ഇയിൽ കാർബൺ ഡയോക്സൈഡിന്‍റെ അളവ് കുറക്കുക എന്ന ലക്ഷ്യവുമായാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നത്. ദുബൈക്കു പുറമെ അബൂദബിയിലും കണ്ടൽപദ്ധതികൾ സജീവമാണ്. എമിറേറ്റ്സ് മറൈൻ എൻവയൺമെന്‍റൽ ഗ്രൂപ്പിന് കീഴിലെ എൻ.വൈ.യു.എ.ഡിയുമായി സഹകരിച്ചാണ് ദുബൈ കണ്ടൽച്ചെടികൾ നടുന്നത്. യു.എ.ഇയുടെ സമ്പന്നമായ പ്രകൃതിവൈവിധ്യങ്ങൾ സംരക്ഷിക്കാനും കുട്ടികളെ ഈ മേഖലയിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് 5000 കണ്ടൽച്ചെടികൾ നട്ടതെന്ന് യൂനിവേഴ്സിറ്റി ഹെഡ് ഇസ്ര ബാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.