ദുബൈയിൽ പുതിയ സ്കൂൾ നിർമാണത്തിന് 53 കോടി
text_fieldsദുബൈ: എമിറേറ്റിൽ പുതിയ സ്കൂൾ നിർമാണത്തിനും വിപുലീകരണത്തിനുമായി 53 കോടി ദിർഹം അനുവദിച്ചു. ‘ദുബൈ സ്കൂൾസ്’ പദ്ധതിക്കുകീഴിൽ അൽ ഖവാനീജിലാണ് പുതിയ സ്കൂൾ നിർമിക്കുക. അൽ ബർഷയിലാണ് സ്കൂളുകൾ വിപുലീകരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ദുബൈ സോഷ്യൽ അജണ്ട 33യുടെ ഭാഗമായുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2033ഓടെ ദുബൈയിലെ സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ 10 വർഷത്തിനുള്ളിൽ അൽ ഖവാനീജിൽ 149 ക്ലാസ് റൂമുകൾ കൂടി നിർമിക്കും. ഇതുവഴി 4028 സീറ്റുകൾ വർധിപ്പിക്കാനാണ് തീരുമാനം. അതോടൊപ്പം 11,800 ചതുരശ്ര അടി വിസ്തൃതിയിൽ ലൈബ്രറി ഏരിയ, നാല് ഇൻഡോർ ഹാൾ, അഞ്ച് ഔട്ട് ഡോർ ഹാൾ, നൂതന സാങ്കേതിക വിദ്യകളുള്ള 71 ലബോറട്ടറികൾ, സെമി ഒളിമ്പിക് സ്വിമ്മിങ് പൂൾ ഉൾപ്പെടെ മൂന്ന് സ്വിമ്മിങ് പൂളുകൾ എന്നിവയും നിർമിക്കും.
അൽ ബർഷയിൽ ആകെ സീറ്റുകളുടെ എണ്ണം 3529 ആയി വർധിപ്പിക്കും. ഇതിനായി 146 ക്ലാസ് റൂമുകൾ കൂടി നിർമിക്കും. 6,800 ചതുരശ്ര അടിയിലുള്ള ലൈബ്രറി, ഏഴ് ഔട്ട് ഡോർ കോർട്ടുകൾ, രണ്ട് ഇൻഡോർ കോർട്ടുകൾ, 52 ലബോറട്ടറികൾ, രണ്ട് ഇൻഡോർ സ്വിമ്മിങ് പൂളുകൾ, ഒരു ഫുട്ബാൾ സ്റ്റേഡിയം എന്നിവയും നിർമിക്കും. 2021 മാർച്ചിലാണ് ദുബൈ സ്കൂൾസ് പദ്ധതി ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. ഉന്നത നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ 50 ശതമാനം ഇതിനകം പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. 2024-2025 അക്കാദമിക വർഷത്തിൽ സൗകര്യങ്ങൾ ഉപയോഗപ്രദമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.