ഷാർജയിൽ ഈ വർഷം മയക്കുമരുന്ന് കേസിൽ പിടിയിലായത് 551 പേർ
text_fieldsഷാർജ: മയക്കുമരുന്ന് കടത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടി തുടരുന്ന എമിറേറ്റിൽ ഈ വർഷം മാത്രം ഇതുസംബന്ധിച്ച കേസുകളിൽ പിടിയിലായത് 551 പേർ. മയക്കുമരുന്ന് കടത്തുകാരും വിൽപനക്കാരും അടക്കമുള്ളവരാണ് പിടിയിലായവരെന്ന് അധികൃതർ വെളിപ്പെടുത്തി. നവംബർ 30 വരെയുള്ള കണക്കാണിത്. ഷാർജ പൊലീസിലെ ആന്റി നാർകോട്ടിക്സ് വിഭാഗമാണ് കുറ്റവാളികളെ കണ്ടെത്തുന്നതിന് നേതൃത്വം നൽകുന്നത്.
പരിശോധനകളിൽ ഹഷീഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവ 10.51 ലക്ഷം കി. ഗ്രാമും മറ്റു മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും എന്നിവ 70.8 ലക്ഷം കി.ഗ്രാമും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസി പറഞ്ഞു. ഇവയുടെ വിപണിമൂല്യം ഏകദേശം 10.4 കോടി ദിർഹമിലേറെ വരും. സമൂഹമാധ്യമങ്ങളിൽ മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന 785 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തിട്ടുമുണ്ട്.
സമൂഹമാധ്യമങ്ങളും മറ്റ് ഓൺലൈൻ സംവിധാനങ്ങളും വഴി മയക്കുമരുന്ന് വിൽപന നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഷാർജ പൊലീസ് ആന്റി നാർകോട്ടിക്സ് വിഭാഗം വിഭാഗം ‘ബ്ലാക്ക് ബാഗ്സ്’, ‘ഡെലിവറി കമ്പനീസ്’, ‘അൺവീലിങ് ദ കർട്ടൻ’ എന്നിങ്ങനെ വിവിധ ഓപറേഷനുകൾ ഇക്കാലയളവിനിടയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതോടൊപ്പം ദുരൂഹ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8004654 എന്ന നമ്പറിലോ ഷാർജ പൊലീസ് ആപ്, വെബ്സൈറ്റ്, ഇ-മെയിൽ എന്നിവ വഴിയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.