ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി; ഉദ്യോഗസ്ഥർക്ക് ആദരം
text_fieldsദുബൈ: ഹത്ത അതിർത്തിക്ക് ദുബൈ സർക്കാറിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിങ്ങിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി ഉറപ്പുവരുത്തിയതിനാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹത്ത ബോർഡറിന് 6 സ്റ്റാർ പദവി നൽകിയത്. രാജ്യത്തോട് കൂറുള്ള, ജനങ്ങളുടെ സേവനത്തിന് സമർപ്പിതരായ ഒരു ടീമിന് ലഭിച്ച അർഹതപ്പെട്ട ആദരമാണിതെന്ന് ശൈഖ് മുഹമ്മദിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സംസാരിച്ചു.
ഏറ്റവും മികച്ച രീതിയിൽ ഹത്തയെ ഉയർത്തുന്നതിനായി എല്ലാ സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളെയും സഹകരിക്കണമെന്ന് അൽ മർറി ആവശ്യപ്പെട്ടു. പാസ്പോർട്ട് നിയന്ത്രണ ബൂത്തുകളിലൂടെ സന്ദർശിച്ച് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ജീവനക്കാരെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും ചെയ്തു. രാജ്യത്തിന് സേവനമനുഷ്ഠിക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്രസൗകര്യം ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ദുബൈയിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കവാടമാണ് ഹത്ത അതിർത്തി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടമാണ് ഇവിടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം പേരാണ് ഇതുവഴി കടന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.