മൂന്നു മാസത്തിനിടെ ഖാലിദ് തുറമുഖത്തുനിന്ന് പിടിച്ചത് 60 കിലോ മയക്കുമരുന്ന്
text_fieldsഷാർജ: കഴിഞ്ഞ മൂന്നുമാസത്തിനിടെ ഷാർജ കസ്റ്റംസിന്റെ തുറമുഖ വിഭാഗം ഖാലിദ് തുറമുഖത്തുനിന്ന് പിടികൂടിയത് 60 കിലോയിലധികം മയക്കുമരുന്ന്. ഒമ്പത് മയക്കുമരുന്നുകടത്ത് ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് 60.22 കിലോ മയക്കുമരുന്നും 14,378 വേദന സംഹാരി ഗുളികകളും പിടിച്ചെടുത്തത്. ശീതീകരിച്ച കണ്ടെയ്നറുകളിലും മറ്റും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളാണ് പിടികൂടിയതെന്ന് ഷാർജ പോർട്ട് കസ്റ്റംസും ഫ്രീസോൺ അതോറിറ്റിയും വ്യക്തമാക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശീലനവും നൂതന സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗവുമാണ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് ഖാലിദ് പോർട്ട് കസ്റ്റംസ് സെന്റർ ഡയറക്ടർ സലിം അൽ സൊമർ പറഞ്ഞു. ഇത് കസ്റ്റംസിന്റെ ജോലി കൂടുതൽ മെച്ചപ്പെടുത്തുകയും ഷാർജയിലെ തുറമുഖ പോയന്റുകളിലുടനീളം യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കാർഷികോൽപന്നങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ, വ്യത്യസ്തമായ കാർഗോകൾ, ജീവനുള്ള മൃഗങ്ങൾ, വാഹനങ്ങൾ, ഭാരമേറിയ ഉപകരണങ്ങൾ തുടങ്ങി വൻതോതിലുള്ള ചരക്കുകളാണ് ഓരോ ദിവസവും ഖാലിദ് തുറമുഖത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരുന്നത്. ഷാർജ തുറമുഖ കസ്റ്റംസിനെ കൂടാതെ ഷാർജ പൊലീസും കഴിഞ്ഞ മാസം വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഡെലിവറി ഡ്രൈവർമാരെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹകരണത്തോടെ കഴിഞ്ഞ മാസം ഷാർജ പൊലീസ് പിടികൂടിയത്. ഏഴ് ഏഷ്യൻ പൗരന്മാർ സംഭവത്തിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് കടത്താൻ ഡെലിവറി റൈഡേഴ്സിനെ ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതു മുതൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ, ഡെലിവറി റൈഡേഴ്സിന് ഇതിൽ പങ്കില്ലെന്നാണ് വ്യക്തമായത്. തങ്ങൾ എന്താണ് ഡെലിവറി ചെയ്യുന്നതെന്നത് സംബന്ധിച്ച് ഇവർക്ക് അറിവില്ലെന്ന് പൊലീസ് പറഞ്ഞു. അബൂദബിയിൽ അടുത്തിടെ 2.25 ദശലക്ഷം കാപ്താഗോൺ ഗുളികകളും പൊലീസ് പിടികൂടിയിരുന്നു. ഉണക്ക ആപ്രിക്കോട്ട് എന്ന ലേബൽ ഒട്ടിച്ച പെട്ടികളിലായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്. യു.എ.ഇയിലും അയൽരാജ്യങ്ങളിലും വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അബൂദബി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.