ഡെലിവറി ജോലിക്കാർക്കായി 6,000 വിശ്രമകേന്ദ്രങ്ങൾ
text_fieldsദുബൈ: യു.എ.ഇയിൽ ഡെലിവറി ജോലിക്കാർക്കായി 6,000 ശീതീകരിച്ച വിശ്രമ കേന്ദ്രം തുറക്കും. കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ 15 മുതൽ മൂന്നുമാസം ഡെലിവറിക്കാർ ഉൾപ്പെടെ പുറംജോലിക്കാർക്ക് രാജ്യത്ത് ഉച്ചവിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്. ഈ സമയത്ത് വിശ്രമിക്കാനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 6,000 കേന്ദ്രങ്ങൾ തുറക്കുന്നത്. കേന്ദ്രങ്ങൾ കണ്ടെത്താൻ ജോലിക്കാർക്ക് മാനവ വിഭവശേഷി, എമറൈറ്റേഷൻ മന്ത്രാലയം ഫോണിലൂടെ മാപ്പ് അയക്കും. കഴിഞ്ഞ വർഷം ഇത്തരത്തിൽ 356 വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തവണ കേന്ദ്രങ്ങൾ ഗണ്യമായി ഉയർത്തി. കഴിഞ്ഞ വർഷം തലബാത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികളുടെ ജീവനക്കാർക്ക് മാത്രമാണ് സൗകര്യം പ്രയോജനപ്പെട്ടിരുന്നത്. ഇത്തവണ റെസ്റ്റാറന്റ്, ക്ലൗഡ് കിച്ചൻ, ഷോപ്പിങ് മാൾ, റീട്ടെയിൽ ഔട്ട്ലെറ്റ് തുടങ്ങിയവയിലെ ഡെലിവറി ജീവനക്കാർക്കും പ്രയോജനപ്പെടുത്താം. വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കേണ്ടത് ഡെലിവറി ജോലിയുടെ സ്വഭാവമായതിനാൽ പലയിടത്തും വിശ്രമകേന്ദ്രങ്ങൾ ഉണ്ടാകുന്നത് സൗകര്യപ്രദമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് വേനൽക്കാലത്ത് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. ജൂൺ 15 മുതൽ മൂന്നുമാസം ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുറം ജോലി വിലക്കുള്ളത്. നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചാൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. തൊഴിൽ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കുടിവെള്ളവും തണുപ്പിക്കാനുള്ള സൗകര്യവും പ്രഥമ ശുശ്രൂഷ കിറ്റുകളും ഉറപ്പുവരുത്തണമെന്ന് മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ട്. ഇവയിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 600 590 000 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് നിർദേശിച്ചു.
തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിശ്രമവേളകളിൽ തൊഴിലാളികൾക്ക് വെയിലേൽക്കാത്ത് സ്ഥലം ഒരുക്കി നൽകണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന എന്ന സന്ദേശവുമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.