അബൂദബിയുടെ ആദ്യ ക്രിസ്മസ് ആഘോഷത്തിന് 64 വര്‍ഷം
text_fieldsഅബൂദബി: ക്രിസ്മസ് ആഘോഷ നിറവില്‍ അബൂദബിക്കും ഓര്ത്തെടുക്കാനുണ്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍. 64 വർഷം മുമ്പ് ഇതുപോലൊരു ഡിസംബറിലാണ് അബൂദബിയിലെ ആദ്യ ക്രിസ്മസ് ആഘോഷം നടന്നത്. കടലിന് അഭിമുഖമായ വില്ലയിലെ ലിവിങ് റൂമിലായിരുന്നു പ്രവാസികളായ ക്രൈസ്തവരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ അന്ന് അരങ്ങേറിയത്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം സംബന്ധിച്ച ആഘോഷച്ചടങ്ങ്.
ബ്രിട്ടീഷ് പെട്രോളിയത്തിെൻറ ജീവനക്കാരനായിരുന്ന ടിം ഹില്യാഡിന് അബൂദബിയില്‍ അനുവദിച്ചിരുന്ന വില്ലയുടെ ലിവിങ് റൂമിലായിരുന്നു ആദ്യ ക്രിസ്മസ് ചടങ്ങുകള്‍ അരങ്ങേറിയത്. ടിമ്മിെൻറ ഭാര്യ സൂസനും ചെറിയ കുട്ടിയുമടങ്ങുന്ന കുടുംബമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഈ സമയം ലണ്ടനില്‍ നിന്ന് അബൂദബിയിലെത്തിയ സഞ്ചാര സാഹിത്യകാരന് റോഡറിക് ഓവനും ടിമ്മിെൻറ വീട്ടില്‍ തങ്ങി.
1955ല്‍ ഓവന് അബൂദബി ഭരണാധികാരിയായ ശൈഖ് ശഖ്ബൂത്തിനെ സന്ദര്‍ശിക്കുകയും സൗഹൃദം ആരംഭിക്കുകയും ചെയ്തു. ഈ സൗഹൃദസംഭാഷണത്തില്‍ വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ചയാവുകയും അതേവര്‍ഷം ഹില്യാഡ്സിെൻറ വസതിയില്‍ നടക്കുന്ന ക്രിസ്മസ് ദിന പരിപാടിയിലേക്ക് ഭരണാധികാരിയെ ക്ഷണിക്കുകയും ചെയ്തു.
പിന്നീട് യു.എ.ഇ രൂപവത്കൃതമാവുകയും ഏകീകൃത ഇമാറാത്തിെൻറ സ്ഥാപകനായ ശൈഖ് സായിദ് പൂര്‍വികനായ ശൈഖ് ശഖ്ബുത്തിെൻറ വിശാലമനസ്കത പിന്തുടരുകയും ചര്‍ച്ച് നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കുകയും ചെയ്തു. 1960കളിലാണ് ഔദ്യോഗികമായി ആദ്യ ക്രൈസ്തവ ദേവാലയമായ സെൻറ് ആന്‍ഡ്രൂസ് ചര്‍ച്ച് അബൂദബിയില്‍ സ്ഥാപിതമാവുന്നത്. പിറ്റേവര്‍ഷവും ഭരണാധികാരി ക്രിസ്മസ് ദിന പരിപാടിയില്‍ സംബന്ധിക്കുകയും പ്രവാസികളായ അമുസ്ലിംകളുടെ മതചടങ്ങുകള്‍ക്ക് അവസരമൊരുക്കിത്തുടങ്ങുകയും ചെയ്തു.
1957ലാണ് ഒരു ആംഗ്ലിക്കന്‍ പുരോഹിതനെ അബൂദബിയിലെത്തിച്ച് ക്രിസ്മസ് ദിന ചടങ്ങുകള്‍ നടത്തുന്നതിനെക്കുറിച്ച് വിശ്വാസികള്‍ ആലോചിക്കുന്നത്. തുടര്‍ന്ന് അബൂദബിയിലെ ബ്രിട്ടെൻറ രാഷ്ട്രീയ പ്രതിനിധിയായിരുന്ന പീറ്റര്‍ ട്രിപ്പ് ബഹ്റൈനിലെ സെന്റ് ക്രിസ്റ്റഫേഴ്സ് പള്ളി വികാരിയായ അലന് മോറിസിനെ അബൂദബിയിലേക്ക് കൊണ്ടുവരാമെന്നും ഇതിെൻറ ചെലവ് താന്‍ വഹിച്ചുകൊള്ളാമെന്നും പറഞ്ഞു.
ക്രിസ്മസിന് എട്ടുദിവസം മുമ്പ് ബില്യാഡിെൻറ വസതിയിലെ ലിവിങ് റൂമില്‍ അലന് മോറിസ് പ്രാര്‍ഥന നടത്തുകയും നിരവധിപേര്‍ പങ്കെടുക്കുകയും ചെയ്തു. ഇതായിരുന്നു അബൂദബിയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പ്രാര്‍ഥന ചടങ്ങെന്ന് ഹില്യാഡിെൻറ പത്നി സൂസന് എഴുതിയ ബിഫോര്‍ ഓയില്‍ എന്ന പുസ്തകത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.