അബൂദബിയിൽ പി.സി.ആർ പരിശോധനക്ക് 65 ദിർഹം
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും കോവിഡ് പി.സി.ആർ പരിശോധനക്ക് നിശ്ചിത ചാർജ് പാലിക്കണമെന്ന് അബൂദബി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. സ്വാബ് ശേഖരണം, പരിശോധന ഫലങ്ങൾ റിപ്പോർട്ട്ചെയ്യൽ എന്നിവ ഉൾപ്പെടുന്ന പി.സി.ആർ പരിശോധന നിരക്ക് 65 ദിർഹമായാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
അടിയന്തിര സേവനങ്ങൾക്കും ഈ നിരക്ക് ബാധകമായിരിക്കും. നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ ചാർജ് ഈടാക്കിയാൽ സ്ഥാപനത്തിെൻറ പി.സി.ആർ പരിശോധന നടത്താനുള്ള അനുവാദം റദ്ദാക്കുമെന്നും ബന്ധപ്പെട്ട നിയമ പ്രകാരം പിഴ ഈടാക്കുമെന്നും ആരോഗ്യവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് ആരംഭിച്ച ആദ്യകാലത്ത് അബൂദബിയിൽ പി.സി.ആർ നിരക്ക് 370 ദിർഹമായിരുന്നു. പിന്നീട് ഘട്ടംഘട്ടമായാണ് നിരക്ക് കുറച്ചത്.
കോവിഡ് രോഗ സന്ദർഭത്തിലും നിർബന്ധിത ക്വാറൻറീൻ സമയങ്ങളിലും മറ്റും പരിശോധനയുടെ ചെലവ് സർക്കാർ ധനസഹായ പദ്ധതികൾ വഹിക്കും. രോഗലക്ഷണങ്ങളില്ലെങ്കിൽ പി.സി.ആർ പരിശോധന ചെലവ് വ്യക്തികൾ തന്നെ വഹിക്കേണ്ടിവരും. കോവിഡ് പി.സി.ആർ പരിശോധനക്ക് നിശ്ചയിച്ച ചാർജിലും കൂടുതൽ ഈടാക്കിയതിന് ഒരു സ്ഥാപനത്തിനെതിരെ ആരോഗ്യവകുപ്പ് അടുത്തിടെ പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം സംബന്ധിച്ച് ആരോഗ്യവകുപ്പിൽ 02 419 3845 എന്ന ഫോൺ നമ്പറിലൂടെയോ Healthsystemfinancy@doh.gov.ae എന്ന ഇ-മെയിൽ മുഖേനയോ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.