തടവുകാർക്ക് സാമ്പത്തിക സഹായമായി നൽകിയത് 70 ലക്ഷം ദിർഹം
text_fieldsദുബൈ: എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ദുബൈ പൊലീസിന്റെ മാനുഷിക സുരക്ഷ വിഭാഗം കഴിഞ്ഞ വർഷം നൽകിയത് 77 ലക്ഷം ദിർഹം.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പുനിറ്റിവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സിന് കീഴിലെ 6390 പുരുഷ, വനിത തടവുകാർക്കാണ് സഹായം നൽകിയത്. മൊത്തം തുകയുടെ പകുതിയും ചെലവിട്ടത് 94 തടവുകാരുടെ വ്യക്തിപരവും ബാങ്കിങ് കടങ്ങളും വീട്ടുന്നതിനാണ്. കൂടാതെ വാടക കുടിശ്ശിക, തടവുകാരുടെ കുടുംബങ്ങൾക്കുള്ള സഹായം, വിമാന ടിക്കറ്റ്, വിദ്യാഭ്യാസത്തിനായുള്ള സഹായങ്ങൾ തുടങ്ങിയവക്കും തുക ചെലവിട്ടതായി അധികൃതർ അറിയിച്ചു.
യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകർ, ചാരിറ്റി സംഘടനകൾ, വിവിധ അസോസിയേഷനുകൾ എന്നിവയുടെ സഹായത്തോടെയാണ് സംരംഭം നടപ്പാക്കാനായത്. ഇത്തരം സാമ്പത്തിക സഹായങ്ങളിലൂടെ ഇമാറാത്തി സമൂഹത്തിന്റെ ഐക്യവും സഹിഷ്ണുതയുമാണ് പ്രതിഫലിക്കുന്നതെന്ന് പുനിറ്റിവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഡയറക്ടർ മേജർ ജനറൽ മർവാൻ അബ്ദുൽ കരീം ജുൽഫർ പറഞ്ഞു.
തടവുകാർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള രണ്ടാമത് അവസരം വാഗ്ദാനം ചെയ്യുന്നതാണ് സാമ്പത്തിക സഹായങ്ങൾ. തടവുകാർക്ക് സമഗ്ര പിന്തുണ നൽകുന്നതിൽ മാനുഷിക സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.