ഗസ്സക്ക് 70 ടൺ സഹായ വസ്തുക്കൾ വിതരണം ചെയ്തു
text_fieldsദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾക്ക് 70 ടൺ സഹായ വസ്തുക്കൾ വിതരണം ചെയ്ത് യു.എ.ഇ. ഭക്ഷ്യ വസ്തുക്കൾ, ടെന്റുകൾ, പുതപ്പുകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കളാണ് കൈമാറിയത്. ഗസ്സ നിവാസികളെ സഹായിക്കാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്3’ സംരംഭത്തിന്റെ ഭാഗമായാണ് സഹായ ഹസ്തം നീട്ടിയത്. സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് പോകാൻ നിർബന്ധിതരായ നൂറു കണക്കിന് ഫലസ്തീനികളാണുള്ളത്.
ഇവർക്ക് ആശ്വാസമെന്ന നിലയിലാണ് ടെന്റുകൾ വിതരണം ചെയ്യുന്നത്. ഇസ്രായേൽ ആക്രമണം ഭയന്ന് വീടു വിട്ട് തെരുവുകളിൽ അഭയം പ്രാപിക്കുന്നവർക്ക് യു.എ.ഇയുടെ സഹായം താൽകാലിക ആശ്വാസമാകും. നിലവിൽ ഷെഡുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകളും സംരംഭത്തിലൂടെ എത്തിച്ചു നൽകുന്നുണ്ട്. സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വാങ്ങാനുള്ള പാങ്ങില്ലാത്ത അവസ്ഥയാണ്.
അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലൂടെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് അതിജീവിക്കാനുള്ള പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ‘ഗാലന്റ് നൈറ്റ് 3’ സംരംഭത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. ഗസ്സയിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി യു.എ.ഇ നേരത്തെ ഫ്ലോട്ടിങ് ആശുപത്രി ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരേയും രോഗികളേയും ഇവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. കൂടാതെ കുടിവെള്ളത്തിനായി പ്രത്യേക പ്ലാന്റുകളും യു.എ.ഇ നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.