'കുതിരപ്പടയാളികൾ' കുടുക്കിയത് 71 പേരെ
text_fieldsദുബൈ: നഗരത്തിലെ ക്രമസമാധാന പരിപാലനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പൊലീസിന്‍റെ കുതിര സേന ഈ വർഷം ഇതുവരെ പിടികൂടിയത് 71 പേരെ. വിവിധ കേസുകളിലായി 915 വാഹനങ്ങൾ പിടികൂടിയതായും 352 പേർക്ക് പിഴയിട്ടതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ എട്ടു മാസത്തെ കണക്കാണിത്.
ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷന് കീഴിൽ 100 കുതിരകളാണ് നിലവിലുള്ളത്. ഇത് പൊലീസുകാരുമായി സദാസമയം നഗരത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കുതിരയുടെ പരിപാലനത്തിന് വൻ വെറ്റിനേറിയൻ സംഘം തന്നെ പൊലീസിനൊപ്പമുണ്ട്. നഗര സുരക്ഷയിൽ കുതിരപ്പടക്ക് വലിയ പങ്കുണ്ടെന്ന് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ മഹമ്മദ് അൽ അദ്ബ് പറഞ്ഞു. നഗരത്തിന്‍റെ സുരക്ഷക്ക് പുറമെ വിവിധ പരിപാടികൾക്കും സുരക്ഷ നൽകുന്നുണ്ട്. ഞായറാഴ്ച സമാപിച്ച ഏഷ്യകപ്പിലും കുതിരപ്പടയുണ്ടായിരുന്നു.
വിവിധ കായിക പരിപാടികളിലും മൗണ്ടഡ് പൊലീസ് മത്സരിക്കാറുണ്ട്. നിശ്ചയദാർഢ്യം വിഭാഗക്കാർക്കായി അടുത്തിടെ തെറാപ്യൂട്ടിക് കുതിരയോട്ടം സംഘടിപ്പിച്ചിരുന്നു. ദുബൈ പൊലീസ് അക്കാദമിയിലെ കേഡറ്റുകൾക്കായി കുതിരയോട്ട പരിശീലനം നൽകുന്നു.
പൊലീസ് വാഹനങ്ങൾക്ക് കയറിച്ചെല്ലാൻ കഴിയാത്ത ഇടുങ്ങിയ വഴികളിലൂടെ കുതിരകൾക്ക് എത്താൻ കഴിയുന്നു എന്നതാണ് മറ്റൊരു മേൻമ. സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനും കുതിരപ്പടയാളികൾക്ക് കഴിയുന്നുണ്ട്. ക്രിമിനൽ സംഘത്തിന്‍റെ മോഷണ ശ്രമം തകർത്ത സംഭവവും ജനറൽ മുഹമ്മദ് ഓർത്തെടുത്തു.
ദുബൈ പൊലീസിന്‍റെ വേനൽക്കാല പരിശീലന പരിപാടിയിൽ സുരക്ഷ അംബാസഡർമാരായി പരിശീലനം നടത്തിയ മൂന്ന് കുട്ടികൾക്ക് ഓരോ കുതിരകളെ വീതം സമ്മാനം നൽകിയിരുന്നു. ഹോഴ്സ് റൈഡിങ്ങിലും പരിശീലനത്തിലും കൂടുതൽ താൽപര്യം കാണിച്ച സഫി അലിൽ അൽ ന്ബി, സുൽത്താൻ ഖാലിദ് അൽ ഷംസി, മീര അലി അൽ ഹജ് എന്നിവർക്കാണ് കുതിരകളെ സമ്മാനമായി നൽകിയത്.
റേസിങ് കുതിരകളുടെ പുനരധിവാസവും പരിശീലനവും പൊലീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.