ശൈഖ് മുഹമ്മദിന് 73; ആശംസപ്രവാഹം
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ആശംസാപ്രവാഹം. വെള്ളിയാഴ്ചയായിരുന്നു 73ാം പിറന്നാൾ. ദുബൈയെ ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കുന്ന വ്യാപാര-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്ന നിലയിൽ നിരവധിപേരാണ് സ്നേഹവായ്പോടെ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവിന് സമൂഹ മാധ്യമ അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്താണ് ആശംസകളർപ്പിച്ചത്. ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദും പിതാവിന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയിലൂടെ ആശംസ നേർന്നു. യു.എ.ഇയിലെ പൗരന്മാരും താമസക്കാരുമായ നിരവധിപേരും സമൂഹ മാധ്യമങ്ങളിൽ ആശംസകളും പ്രാർഥനകളും പോസ്റ്റ് ചെയ്തു.
16 വർഷമായി ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ വികസനത്തിന് ശക്തമായ നേതൃത്വമാണ് നൽകിയത്. അവസാനമായി യു.എ.ഇയുടെ ബഹിരാകാശ ദൗത്യമായ ഹോപ് പ്രോബ്, എക്സ്പോ 2020 ദുബൈ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. 1949 ജൂലൈ 15ന് ദുബൈ ക്രീക്കിന് സമീപം അൽ ഷിന്ദഗയിലെ ആൽ മക്തൂം കുടുംബത്തിൽ മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 1968ൽ 19ാമത്തെ വയസ്സിൽ രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി നിയമിതനായത് മുതൽ രാഷ്ട്രനേതൃത്വത്തിൽ വിവിധ ചുമതലകൾ വഹിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.