ഫലസ്തീൻ അഭയാർഥികൾക്ക്73 ദശലക്ഷം ദിർഹം സഹായം
text_fieldsദുബൈ: ഫലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യൂ.എ) യു.എ.ഇ 73.6 ദശലക്ഷം ദിർഹമിന്റെ ധനസഹായം പ്രഖ്യാപിച്ചു. അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനത്തിനായുള്ള ധനസഹായമാണ് പ്രഖ്യാപിച്ചതെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരംപ്രതിനിധി അംബാസഡർ ലന സാക്കി നുസൈബ പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നൽകുന്നതിനായി ചേർന്ന ജനറൽ അസംബ്ലിയിലെ താൽക്കാലിക കമ്മിറ്റി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഫലസ്തീൻ അഭയാർഥികൾക്ക് ആരോഗ്യ സുരക്ഷ, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നത് യു.എൻ.ആർ.ഡബ്ല്യു.എയുടെ നേതൃത്വത്തിലാണ്. യു.എൻ അംഗരാജ്യങ്ങളിൽ നിന്നുള്ള ധനസഹായത്തിന്റെ പിൻബലത്തിലാണ് സംഘടനയുടെ പ്രവർത്തനം.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് യു.എൻ.ആർ.ഡബ്ല്യു.എ നേരിടുന്നതെന്നും ഈ സാഹചര്യത്തിലാണ് സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നതെന്നും ലന സാക്കി നുസൈബ പറഞ്ഞു. യു.എൻ.ആർ.ഡബ്ല്യു.എ വഴി 119.3 ദശലക്ഷം ഡോളറിന്റെ സഹായം ഉൾപ്പെടെ 2013നും 2018നും ഇടയിൽ ആകെ 521 ദശലക്ഷം ഡോളറിന്റെ സഹായമാണ് ഫലസ്തീൻ അഭയാർഥികൾക്കായി യു.എ.ഇ നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.