ദുബൈയിൽ 740 ഇ.വി ചാർജിങ് പോയന്റുകൾകൂടി
text_fieldsദുബൈ: എമിറേറ്റിലുടനീളം ഇലക്ട്രിക് വാഹന ചാർജിങ് പോയന്റുകൾ വിപുലീകരിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 740 ഇ.വി ചാർജിങ് പോയന്റുകൾ കൂടിയാണ് നഗരത്തിൽ പുതുതായി സ്ഥാപിച്ചത്. ദീവയുടെ വെബ്സൈറ്റ്, ആപ്, മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് ചാർജിങ് പോയന്റുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
2050ഓടെ രാജ്യത്തെ 50 ശതമാനം വാഹനങ്ങൾ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തിന് പിന്തുണയേകുന്നതാണ് പദ്ധതി. നിലവിൽ ദുബൈയിലുടനീളം രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 34,970 ആണ്. ഇലക്ട്രിക് വാഹന രംഗത്തെ ധ്രുതഗതിയിലുള്ള ഈ വളർച്ചയെ പിന്തുണക്കുന്നതിൽ ദീവയുടെ ചാർജിങ് പോയന്റുകൾക്ക് നിർണായകമായ പങ്കുണ്ട്.
സുസ്ഥിരമായ ഊർജം, ഗതാഗത മാർഗങ്ങൾ എന്നിവയുടെ ഉപയോഗത്തിൽ ദുബൈയെ ആഗോള മുൻനിര നഗരമായി മാറ്റുന്നതിൽ പ്രതിജ്ഞബദ്ധമാണെന്ന് ദീവ എം.ഡിയും സി.ഇ.ഒയും സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇ.വി ചാർജിങ് ശൃംഖലകൾ വ്യാപിപ്പിക്കുന്നതിലൂടെ വൈദ്യുതി വാഹനങ്ങൾ സ്വീകരിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഭാവിയിലേക്ക് സംഭാവന നൽകുന്നതിനും വ്യക്തികളെയും ബിസിനസുകളെയും പിന്തുണക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇ.വി ചാർജിങ് രംഗത്തെ അടിസ്ഥാന സൗകര്യമേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി നേരത്തേ രണ്ട് സ്വകാര്യ കമ്പനികൾക്ക് സ്വതന്ത്ര ചാർജിങ് പോയന്റ് ഓപറേറ്റർ (സി.പി.ഒ) ലൈസൻസ് ദീവ അനുവദിച്ചിരുന്നു.
ടെസ്ല, യു.എ.ഇ.വി എന്നീ സ്ഥാപനങ്ങൾക്കാണ് ലൈസൻസ് ലഭിച്ചത്.
അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ ബോക്സ് ചാർജറുകൾ എന്നിവ ഉൾപ്പെടെ ദീവ നൽകുന്ന വിശാലമായ ചാർജിങ് ഓപ്ഷനുകൾ വ്യത്യസ്തമായ ഇലക്ട്രിക് വാഹനങ്ങളെ ഉൾക്കൊള്ളാൻ സഹായിക്കും. നിലവിൽ 16,828 ഉപഭോക്താക്കളാണ് ചാർജിങ് ശൃംഖലയിൽനിന്ന് പ്രയോജനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.