ഫാറൂഖ് കോളജിന് 75 വർഷം; ഫോസ ഡയമണ്ട് ഫിയസ്റ്റ നാളെ ദുബൈയിൽ
text_fieldsദുബൈ: കോഴിക്കോട് ഫാറൂഖ് കോളജിന്റെ 75ാം വാർഷികത്തിന്റെ അന്താരാഷ്ട്ര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഫോസ യു.എ.ഇ സംഘടിപ്പിക്കുന്ന ഡയമണ്ട് ഫിയസ്റ്റ ശനിയാഴ്ച ദുബൈ അൽ നഹ്ദയിലെ ഹയർ കോളജ് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യയുടെയും ഫാറൂഖ് കോളജിന്റെയും 75 വർഷങ്ങളും യു.എ.ഇയുടെ 51 വർഷങ്ങളും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന പരിപാടി വൈകീട്ട് നാലിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാർലമെന്റേറിയനും നിയമ വിദഗ്ധനുമായ കപിൽ സിബൽ എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, ഡോ. ആസാദ് മൂപ്പൻ, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ കെ.എം. നസീർ, മാനേജർ സി.പി. കുഞ്ഞമ്മദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഫറൂഖ് കോളജിന്റെ 75 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന മാഗസിനും ഇതോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ എം.സി.എ. നാസറിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനവും വേദിയിൽ നടക്കും. രമ്യ നമ്പീശൻ, നജിം അർഷാദ്, രാജ് കലേഷ്, രിസ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീതനിശയും അരങ്ങേറും.
യു.എ.ഇയിൽ ആയിരക്കണക്കിന് പൂർവ വിദ്യാർഥികളുള്ള സംഘടനയാണ് ഫോസയെന്നും അവരുടെയെല്ലാം ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന നടപ്പാക്കുന്നത്. യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള പൂർവ വിദ്യാർഥികളെ സദസ്സിൽ പ്രതീക്ഷിക്കുന്നു. ഫോസ അംഗങ്ങളല്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഈ പരിപാടിയുടെ തുടർച്ചയായി വിവിധ രാജ്യങ്ങളിലെ ഫോസ ഘടകങ്ങൾ 75ാം വാർഷികാഘോഷം സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ഫോസ മുൻ പ്രസിഡന്റുമാരായ ഡോ. അഹമ്മദ്, മലയിൽ മുഹമ്മദ് അലി, ജമീൽ ലത്തീഫ്, പ്രസിഡന്റ് റാഷിദ് കിഴക്കയിൽ, ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ, സെക്രട്ടറി ജലീൽ മഷൂർ, അനീസ് ഫരീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.