ദുബൈയിൽ 762 ബസ് കാത്തിരിപ്പുകേന്ദ്രം കൂടി നിർമിക്കും
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം പൂർത്തീകരിക്കും. ആകർഷകമായ ഡിസൈനോടുകൂടിയായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.
ഇത് ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്നവയായിരിക്കും. കൂടാതെ, സുരക്ഷിതവും സുസ്ഥിരവുമായ നഗരജീവിതത്തിന്‍റെ ഒരു പ്രതിരൂപമായും ഇതിനെ അവതരിപ്പിക്കാനാണ് ആർ.ടി.എ തീരുമാനം. ചില കമ്പനികളുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യകളും നിർമാണത്തിന് ആർ.ടി.എ തേടുന്നുണ്ട്. ദുബൈയിലെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആർ.ടി.എ തുടർന്നുവരുന്ന പ്രവൃത്തികളുടെ ഭാഗമായാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ എന്ന് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. വീൽചെയറുകളിലുള്ളവർ ഉൾപ്പെടെ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലുള്ള രൂപകൽപനയായിരിക്കും നിർമാണത്തിൽ ഉപയോഗിക്കുക. ദുബൈ നഗരത്തെ ഭിന്നശേഷിസൗഹൃദമാക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘എന്‍റെ സമുദായം.. എല്ലായിടവും എല്ലാവർക്കും’ എന്ന സംരംഭത്തെ പിന്തുണക്കുന്നതാണ് ഈ തീരുമാനമെന്നും മതാർ അൽ തായർ കൂട്ടിച്ചേർത്തു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, നിലവിൽ പൊതു ബസ് സർവിസുകൾ തുടരുന്നതും ഭാവിയിൽ കൂടുതൽ ആവശ്യമുള്ളതുമായ സ്ഥലങ്ങൾ, ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ സ്ഥലങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിയായിരിക്കും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുക. ഇതിനായി ബസ് സ്റ്റോപ് ഉപയോഗിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി മേഖലകളെ തരംതിരിച്ചിട്ടുണ്ട്. പ്രതിദിനം 750 പേർ ഉപയോഗിക്കുന്ന ബസ് സ്റ്റോപ്പുകളെ മെയിൻ സ്റ്റോപ്പുകളായി പരിഗണിക്കും. 250 മുതൽ 750 വരെ യാത്രക്കാരാണെങ്കിൽ സെക്കൻഡറി സ്റ്റോപ്പായും 100 മുതൽ 250 വരെ യാത്രക്കാരുണ്ടെങ്കിൽ പ്രൈമറി സ്റ്റോപ്പായും 100 യാത്രക്കാർ ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കിൽ പിക് അപ്/ഡ്രോപ് സ്റ്റേഷനുകളായും പരിഗണിക്കും.
മെയിൻ സ്റ്റോപ്പിൽ നിർമിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങളുടെ ഒരു ഭാഗം ശീതീകരിച്ചവയായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും ഒരു ഔട്ട്ഡോർ ഏരിയയും പരസ്യങ്ങൾക്കായുള്ള ഇടങ്ങളും ഉണ്ടായിരിക്കും. ബസ് റൂട്ടുകൾ, ഷെഡ്യൂളുകൾ, ബസ് എത്തുന്ന സമയം, യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റു പ്രധാന സേവനവിവരങ്ങൾ എന്നിവയും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.