രണ്ടാഴ്ചയിൽ ‘മദേഴ്സ് എൻഡോവ്മെന്റി’ന് 77കോടി സമാഹരിച്ചു
text_fieldsദുബൈ: 100 കോടി ദിർഹമിന്റെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള ‘മദേഴ്സ് എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് റമദാനിലെ ആദ്യ രണ്ടാഴ്ച സ്വരൂപിച്ചത് 77കോടി ദിർഹം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി വഴി ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഈ വർഷത്തെ റമദാനിന് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. വിവിധ ജീവകാരുണ്യ സംരംഭങ്ങളുമായി ചേർന്നാണ് ദുർബല സമൂഹങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക.
മാതാക്കൾ സമൂഹത്തിൽ നിർവഹിക്കുന്ന ദൗത്യത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘മദേഴ്സ് എൻഡോവ്മെന്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനങ്ങൾക്ക് അവരുടെ മാതാക്കളുടെ പേരിൽ സംഭാവന ചെയ്യാനാണ് കാമ്പയിൻ സൗകര്യമൊരുക്കുന്നത്. നന്മ ചെയ്യുന്നത് യു.എ.ഇ സമൂഹത്തിന്റെ ജീവിതരീതിയാണെന്ന് ഉറപ്പിക്കുന്നതാണ് കാമ്പയിനിന് ലഭിച്ച മികച്ച പ്രതികരണമെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പ്രതികരിച്ചു.
യു.എ.ഇ ആരംഭിച്ച മുൻകാല ചാരിറ്റി, മാനുഷിക സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാമ്പയിൻ. സംരംഭങ്ങളെല്ലാം ദുർബല സമൂഹങ്ങളിലുടനീളം ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സുസ്ഥിര പദ്ധതികളായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിനിലേക്ക് കഴിഞ്ഞ ദിവസം അബൂദബി ഇസ്ലാമിക് ബാങ്ക് 30 ലക്ഷം ദിര്ഹം സംഭാവന നല്കി. ‘മദേഴ്സ് എൻഡോവ്മെന്റി’ന്റെ വെബ്സൈറ്റിൽ സംഭാവന നൽകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ സംഭാവനകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് 800 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.