നാനാത്വത്തില്‍ ഏകത്വം; ഐകമത്യം മഹാബലം
text_fieldsവിവിധ മതാനുയായികളും ചിന്താധാരകളും ഉള്‍ക്കൊള്ളുന്ന നമ്മുടെ നാട് അതിന്റെ 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ത്യ ബഹുസ്വരതയുടെയും വ്യത്യസ്ത സംസ്കാരങ്ങളുടെയും നാടാണ്. എന്നാൽ, ഭാരതം ഇന്ന് സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും കലാപഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന അക്രമസംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ ഭാരതത്തിന്റെ ഭാവി ഭാഗധേയം കലാപകാരികളുടെയും കാപാലികരുടെയും കൈകളിലേല്പിച്ച് മിണ്ടാതിരിക്കുകയാണ്. ഇത്തരുണത്തിലാണ് നമ്മുടെ ദേശീയാഘോഷം വരുന്നത്.
രണ്ട് നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തനുകത്തില്‍നിന്ന് മോചനം നേടിയത് 1947 ആഗസ്റ്റ് 14ന്റെ അര്‍ധരാത്രിയാണ്. 1857 മേയ് 10ന് ബ്രിട്ടീഷുകാരായ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ മീറത്തില്‍ തുടങ്ങിയ കലാപം 1858ല്‍ അടിച്ചമർത്തപ്പെട്ടെങ്കിലും സാമ്രാജ്യത്വത്തോടുള്ള വെറുപ്പും വിദ്വേഷവും ആളിപ്പടരുകയാണുണ്ടായത്.
ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാര്‍ ഇകഴ്ത്തിക്കാട്ടിയ ഈ സമരമാണ് പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജനകീയപ്രക്ഷോഭത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചാലകശക്തിയായത്.
അവസാന മുഗള്‍ ചക്രവര്‍ത്തിമാരായ ബഹാദൂര്ഷാമാരും ഹക്കീം അഹ്സനുല്ലാ, നാനാസാഹിബ്, മീര്സാമുഗള്, ബഗത്ഖാന്, റാണി ലക്ഷ്മീഭായ്, ബീഗം ഹസ്രത്ത് മഹല്‍ തുടങ്ങിയവരുമായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരത്തിന് ചുക്കാന്‍പിടിച്ചത്. എണ്ണൂറുകൊല്ലം ഇന്ത്യരാജ്യം ഭരിച്ച മുഗൾ രാജവംശം ഇന്ത്യയെ നന്നാക്കാനും ഒന്നാക്കാനുമാണ് ശ്രമിച്ചുപോന്നതെന്നത് ചരിത്രസത്യമാണ്.
മതേതരനായ ബാബര്‍ ഇതരസമുദായങ്ങളും സമൂഹങ്ങളുമായി സഹവര്ത്തിച്ചതിന്റെ മികവുറ്റ തെളിവുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നു. തന്റെ മകന് ഹുമയൂണിന് നല്കിയ ഉപദേശംതന്നെ അദ്ദേഹം നാട്ടില്‍ ക്ഷേമവും സമാധാനവും കളിയാടാന്‍ വേണ്ടിയായിരുന്നു ശ്രമിച്ചിരുന്നതെന്ന് വ്യക്തമാണ്.
“മകനേ, വിവിധ മതങ്ങള്കൊണ്ട് പേരുകേട്ട രാജ്യമാണ് ഹിന്ദുസ്ഥാന്‍. അതിന്റെ പരമാധികാരം എന്നിലര്പ്പിച്ചതിന് ദൈവത്തിന് സ്തുതി. മതഭ്രാന്തില്‍നിന്ന് ഹൃദയത്തെ ശുദ്ധമാക്കിനിര്ത്തുക. ഓരോ വിഭാഗത്തിന്റെയും നിർദിഷ്ട നിയമങ്ങള്‍ക്കനുസരിച്ച് നീതി നടപ്പാക്കുകയും ചെയ്യുക’.
ഇത്രയും മതേതരനായ വ്യക്തിയുടെ പേരില്‍ നിര്‍മിക്കപ്പെട്ടതാണ് ‘ബാബരി മസ്ജിദ്’. അത് തകര്‍ക്കാന്‍ കാപാലികര്‍ തുനിഞ്ഞത് ഇന്ത്യയുടെ ഹൃദയം മുറിപ്പെടുത്തിയ സംഭവമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഇന്നത്തെപ്പോലെ അന്ന് ബ്രിട്ടീഷുകാരും ചെയ്തിരുന്നു. 1947 ജൂണ്‍ മൂന്നിന് ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മതാധിഷ്ഠിത പാകിസ്താനായും വിഭജിക്കുമെന്ന് പ്രഖ്യാപിച്ചതുന്നെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമുപയോഗിച്ചായിരുന്നു. അങ്ങനെ 1947 ആഗസ്റ്റ് 14ന് പാകിസ്താന് ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
15ാം തീയതി അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രരാഷ്ട്രമായി. സ്വാതന്ത്ര്യാനന്തരം മൗണ്ട് ബാറ്റണ്‍ തന്നെയായിരുന്നു ഗവര്‍ണര്‍. 1948 ജൂണിലാണ് മൗണ്ട് ബാറ്റണില്‍നിന്ന് സി. രാജഗോപാലാചാരി ഗവര്‍ണറായി അധികാരമേറ്റത്. 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടനയുടെ നിർമാണം ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. 1950 ജനുവരി 26ന് റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍വന്നു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ്, സി. രാജഗോപാലാചാരിയില്നിന്ന് അധികാരമേറ്റെടുത്തു. 1952ല്‍ ഇന്ത്യയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പിലൂടെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. 62 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. പക്ഷേ, ഇപ്പോള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അനുഗുണമായല്ല കാര്യങ്ങള്‍ നീങ്ങുന്നത്.
1915ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഊർജംപകര്‍ന്നു. രക്തരഹിത വിപ്ലവത്തിന്റെ പ്രചോദകശക്തിയായി നിലകൊണ്ട ഗാന്ധിജിയുടെ വിരിമാറിലേക്ക് വെടിയുണ്ട ഉതിര്‍ത്ത ഗോദ്സേയുടെ ആശയമാണ് ഇപ്പോള്‍ ഭരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ഭീഷണമായ അവസ്ഥ കാണാതിരിക്കാനാവില്ല.
ഭരണഘടനപോലും മാറ്റിമറിക്കപ്പെടുന്ന എന്‍.ആർ.സി, ഏക സിവിൽ കോഡ് (യു.സി.സി), കശ്മീര്‍പ്രശ്നം, ഗോവധം, ഒരു പ്രത്യേക ന്യൂനപക്ഷത്തെ അപരവത്കരിക്കല് തുടങ്ങി നിരവധി കുതന്ത്രങ്ങളിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഈ ഘട്ടത്തില്‍ 1947 ആഗസ്റ്റ് 14-15 അർധരാത്രിയില്‍ പ്രഥമ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികള്‍ ഓര്‍ത്തുപോവുകയാണ്. “കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് നാം നമ്മുടെ ഭാഗധേയവുമായി ഒരു കൂടിക്കാഴ്ചക്കുള്ള സമയം കുറിച്ചു. ഇപ്പോഴിതാ നാം നമ്മുടെ ശപഥം നിറവേറ്റാനുള്ള ആ സമയം സമാഗതമായിരിക്കുന്നു.
ഈ ശുഭമുഹൂര്‍ത്തത്തില്‍ ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും അതിലുപരി മനുഷ്യസമൂഹത്തിന്റെയും സേവനത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ എടുക്കുന്നത് സമുചിതമായിരിക്കും’. അന്ധമായ കല്പിത ദേശീയതക്ക് പകരം നാം ഉത്തുംഗമായ ദേശസ്നേഹത്തിനായൊരുങ്ങുക.
നാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒന്നുകൂടി ഒരുങ്ങുകയാണ്. ഈ ശോഭനകാലത്തിന്റെ വിഭാവിത ലക്ഷ്യങ്ങള്‍ക്കായി നാം ഒന്നിക്കേണ്ട സമയമാണിത്. ഫാഷിസ്റ്റ്, നാസിസ്റ്റ് കാലം കഴിഞ്ഞിരിക്കുന്നു. ജാതിമത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ നാം ഒന്നിക്കുക. ഒരേ പാശത്തില്‍ മുറുകെപ്പിടിച്ച് നാം ഉറക്കെ പറയുക- ‘നാമൊന്ന്, നാടൊന്ന്’.
സര്‍വതന്ത്ര സ്വാതന്ത്ര്യത്തിനും സമത്വത്തിനും പങ്കായംപിടിച്ച ഗാന്ധിജിയുടെ നെഞ്ചില്‍ വെടിയേറ്റ് തുളവീണിടത്തുനിന്നും നിര്‍ഗമിക്കുന്ന രക്തം നമ്മുടെ ഓരോരുത്തരുടെയും രക്തമാണ്. ഈ സ്വാതന്ത്ര്യദിനാഘോഷം നമ്മുടെ ഐക്യത്തിന് പ്രചോദകമായിത്തീരട്ടെ, ജയ്ഹിന്ദ്...
(ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.