ഗസ്സയിൽനിന്ന് ചികിത്സക്ക് 81 രോഗികളെ യു.എ.ഇയിലെത്തിച്ചു
text_fieldsഗസ്സയിൽനിന്നുള്ള രോഗിയെ അബൂദബിയിൽ എത്തിക്കുന്നു
അബൂദബി: യുദ്ധം കാരണമായി ദുരിതത്തിലായ ഗസ്സയിൽ നിന്ന് 81രോഗികളെ ചികിത്സക്കുവേണ്ടി യു.എ.ഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് രാജ്യത്തിന്റെ മാനുഷിക ഇടപെടലിന്റെ ഭാഗമായി രോഗികളെ എത്തിച്ചത്. കുടുംബാംഗങ്ങളടക്കം ആകെ 188 പേരാണ് വിമാന മാർഗം കഴിഞ്ഞ ദിവസം അബൂദബിയിലെത്തിയത്. രോഗികളിൽ പകുതിപേർ കുട്ടികളാണ്. കാൻസർ, മാരകമായ മുറിവുകൾ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമുള്ളവരാണിവർ.
ഗസ്സയിൽ നിന്ന് കാരം അബൂ സലീം അതിർത്തി വഴി ഇസ്രായേലിലെത്തിച്ച് വിമാനത്താവളം വഴിയാണ് അബൂദബിയിലേക്ക് കൊണ്ടുവന്നത്. യു.എ.ഇ പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ച ഫലസ്തീനിലെ 1000 പരിക്കേറ്റവർക്കും 1000 കാൻസർ രോഗികൾക്കുമുള്ള ചികിത്സ പദ്ധതിയുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ നേരിട്ട് ആശുപത്രിയിലാണ് പ്രവേശിച്ചിട്ടുള്ളത്. മറ്റുള്ളവരെ അബൂദബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് താമസിപ്പിച്ചിട്ടുള്ളത്.
യുദ്ധം ആരഭിച്ചതിന് ശേഷം 24ാമത്തെ വിമാനമാണ് യു.എ.ഇയിലേക്ക് രോഗികളുമായി ഗസ്സയിൽ നിന്നെത്തുന്നത്. ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് യു.എ.ഇയുടെ സായിദ് ഹ്യുമാനിറ്റേറിയൻ ഷിപ് -7 എന്നുപേരിട്ട കപ്പലിൽ 5,820 ടൺ മാനുഷിക സഹായങ്ങൾ അയച്ചിരുന്നു.
ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി യു.എ.ഇ ജനുവരിയിലും കപ്പൽ അയച്ചിരുന്നു. രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായ വസ്തുക്കൾ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് അയച്ചത്. 2023ൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപറേഷൻ ഗാലൻറ് നൈറ്റ്-3ന്റെ ഭാഗമായി 500ലധികം വിമാനങ്ങൾ, ആറ് കപ്പലുകൾ എന്നിവയിൽ സഹായം ഇതിനകം എത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.