ഈദ് അവധിദിനങ്ങളിൽ ഷാർജയിൽ 822 ചെറു അപകടങ്ങൾ
text_fieldsഷാർജ: ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ എമിറേറ്റിൽ 822 ചെറിയ വാഹന അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ഇവയിൽ 711 അപകടങ്ങൾ നഗരത്തിലെ റോഡുകളിൽ നിയമിച്ച പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥർ റെക്കോഡ് ചെയ്തതും 93 എണ്ണം റാഫിദ് ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തപ്പെട്ടതുമാണ്. 18 എണ്ണം അജ്ഞാതരായ ആളുകൾ റിപ്പോർട്ട് ചെയ്തതാണ്.
പെരുന്നാളിന്റെ തലേ ദിവസമായ ജൂൺ 27നാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്ന് റാഫിദ് ഓട്ടോമോട്ടീവ് സെലൂഷൻസ് സി.ഇ.ഒ സലീം അൽ മിദ്ഫ അറിയിച്ചു. അശ്രദ്ധ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചത്, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരുന്നത്, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിശ്ചയിച്ച റൂട്ടുകൾ ഉപയോഗിക്കാതിരുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങളാണ് അപകടത്തിനുള്ളതെന്നും അധികൃതർ വിലയിരുത്തി.
ദീർഘമായ അവധി ദിവസങ്ങളിൽ അധികൃതർ കൃത്യമായ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. ഗതാഗതം സുഗമമാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും നിശ്ചയിച്ച മാനദണ്ഡങ്ങൾ വിജയകരമായതായാണ് വിലയിരുത്തുന്നത്.
എന്നാൽ, നിശ്ചിത നിയമം പാലിക്കാതിരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി. അപകട സ്ഥലങ്ങളിൽ പൊലീസ് എത്തിച്ചേരുന്ന ശരാശരി സമയം 10 മിനിറ്റാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.