ചികിത്സക്ക് 86 ഫലസ്തീൻകാർ കൂടി യു.എ.ഇയിലെത്തി
text_fieldsദുബൈ: ഗസ്സയിൽ യുദ്ധത്തിൽ പരിക്കുപറ്റി അടിയന്തര ചികിത്സ ആവശ്യമായ കുട്ടികളുടെയും കാൻസർ രോഗികളുടെയും ഒരു സംഘം കൂടി അബൂദബിയിലെത്തി. 86 ഫലസ്തീൻകാർ കുടുംബാംഗങ്ങളോടൊപ്പമാണ് ബുധനാഴ്ച അബൂദബിയിൽ വിമാനമിറങ്ങിയത്. ഗസ്സയിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിരവധിപേരെ അബൂദബിയിലെത്തിച്ച് ചികിത്സിച്ചു വരുകയാണ്.
ഫെബ്രുവരി അഞ്ചുവരെ ആകെ 474 കുട്ടികളും കാൻസർ രോഗികളുമാണ് ചികിത്സക്കായി യു.എ.ഇയിൽ എത്തിയിട്ടുള്ളത്. അതേസമയം, ഗസ്സയിൽ യു.എ.ഇ സ്ഥാപിച്ച ഫീൽഡ് ആശുപത്രിയിൽ ചികിത്സ ലഭിച്ചവരുടെ എണ്ണം 3,575ആണ്. യുദ്ധത്തിന്റെ തുടക്കം മുതൽ ഫലസ്തീൻ ജനതക്ക് യു.എ.ഇ വിവിധ ജീവകാരുണ്യ സഹായങ്ങൾ എത്തിക്കുന്നുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ, ടെന്റുകൾ എന്നിവയടക്കം വിവിധ സംവിധാനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
പ്രധാനമായും കുട്ടികൾക്കും സ്ത്രീകൾക്കുമാണ് സഹായവസ്തുക്കൾ എത്തിക്കുന്നത്. ആകെ 3.11ലക്ഷത്തിലേറെ പേർക്ക് സഹായം ഉപകാരപ്പെട്ടതായി യു.എ.ഇയുടെ എമിറേറ്റ്സ് റെഡ് ക്രസന്റ് വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിലെ റഫ, ഖാൻ യൂനുസ്, സെൻട്രൽ ഗസ്സ എന്നിവിടങ്ങളിലായി 11ചാരിറ്റി കിച്ചനുകളും ഏജൻസിക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് റെഡ് ക്രസന്റ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി ഈജിപ്തിലെ അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവിധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ഇവിടെനിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.