ആഘോഷം സുരക്ഷിതമാക്കാൻ റാക് പൊലീസിന്റെ 89 പട്രോൾ വാഹനങ്ങൾ
text_fieldsറാസല്‍ഖൈമ: ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമ. പബ്ലിക് വര്‍ക്സ് വകുപ്പിന്റെ നേതൃത്വത്തില്‍ ചത്വരങ്ങളും പ്രധാന റോഡുകളും വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചതിന് പുറമെ, ആഘോഷം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് ആഭ്യന്തര മന്ത്രാലയവും രംഗത്തുണ്ട്. റോഡുകള്‍, പട്ടണങ്ങള്‍, അങ്ങാടികള്‍, മസ്ജിദുകള്‍, സുപ്രധാന മേഖലകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് പട്രോളിങ് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അറിയിച്ചു. പ്രധാന റോഡുകളിലും ഉള് റോഡുകളിലും പ്രാന്തപ്രദേശങ്ങളിലുമായി 89 പട്രോള്‍ വിഭാഗം റോന്തുചുറ്റും.
കോവിഡിന് പുറമെ അസ്ഥിര കാലാവസ്ഥയും മുന്നില്‍ക്കണ്ട് ആഘോഷദിനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
പെരുന്നാളാഘോഷം ഉത്സവപൊലിമയിലാക്കുന്നതിനൊപ്പം സുരക്ഷിതമാക്കാന്‍ ജാഗ്രത പുലര്‍ത്തണം. വിനോദകേന്ദ്രങ്ങളിലെത്തുന്നവര് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാഹന ഉപയോക്താക്കള്‍ റോഡ് നിയമം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറില്‍ ഓപറേഷന് റൂമുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.