ദുബൈയിൽ ആറു മാസത്തിനിടെ 94 റോഡപകടങ്ങൾ
text_fieldsദുബൈ: കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈയിൽ സംഭവിച്ചത് 94 റോഡപകടങ്ങൾ. അപകടകരമായ രീതിയിൽ വാഹനങ്ങൾ പിന്നോട്ടെടുക്കുക, ലൈൻ തെറ്റിക്കുക, ഗതാഗത ഒഴുക്കിനെതിരായി വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് അപകടങ്ങളുടെ കാരണമെന്ന് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 94 അപകടങ്ങളിൽ 64 എണ്ണവും സംഭവിച്ചത് നിർബന്ധമായും പാലിക്കേണ്ട ലൈനുകൾ തെറ്റിച്ചത് മൂലമാണ്.
ഗതാഗത നീക്കത്തിനെതിരെ ഡ്രൈവ് ചെയ്തതു മൂലം 14 അപകടങ്ങളും സംഭവിച്ചു. വാഹനം പിറകോട്ടെടുത്തതിലൂടെ ലൈൻ തെറ്റിച്ചത് 16 അപകടങ്ങൾക്ക് കാരണമായി. നിയമം തെറ്റിച്ച് ഗതാഗത നീക്കത്തിനെതിരെ വാഹനമോടിക്കുന്നത് ഫെഡറൽ ട്രാഫിക് ആൻഡ് ട്രാഫിക് നിയമമനുസരിച്ച് 600 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റും ചുമത്താവുന്ന കുറ്റമാണ്.
അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ 500 ദിർഹവും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ചെറു വാഹനങ്ങൾ ലൈൻ തെറ്റിച്ചാൽ 400 ദിർഹമാണ് പിഴ. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ചെറിയ നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും സാധാരണക്കാരായ യാത്രക്കാർക്ക് അത്യാഹിതത്തിനിടയാക്കുമെന്നും ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറ്കർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങളുടെ ഗൗരവത്തെക്കുറിച്ച് ഡ്രൈവർമാർ ബോധവാന്മാരല്ലാത്തത് മൂലമുണ്ടാകുന്ന പിഴവുകൾ മൂലം നിരവധി ആളുകളാണ് അപകടങ്ങൾക്ക് ഇരയാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം എമിറേറ്റിൽ 177 ട്രാഫിക് അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 113 എണ്ണം നിർബന്ധമായും പാലിക്കേണ്ട ലൈനുകൾ തെറ്റിച്ചതുമൂലമാണ്. 28 അപകടങ്ങൾ വാഹനങ്ങളുടെ നീക്കത്തിനെതിരെ വണ്ടിയോടിച്ചത് മൂലവും 36 അപകടങ്ങൾ ലൈനുകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചത് മൂലവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.