ദുബൈയിലെ ജീവകാരുണ്യ സംരംഭങ്ങൾ സഹായിച്ചത് 9.8 കോടി ജനങ്ങളെ
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ ജീവകാരുണ്യ സംരംഭങ്ങൾ 9.8 കോടി ജനങ്ങൾക്ക് സഹായമെത്തിച്ചതായി കണക്ക്. മൂന്ന് ബില്യൺ ദിർഹത്തിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇത്രയും പേരിലേക്ക് എത്തിച്ചേർന്നത്. ദുബൈ ഇസ്ലാമികകാര്യ-ജീവകാരുണ്യ പ്രവർത്തന വിഭാഗത്തിെൻറ ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്ലാമികകാര്യ വിഭാഗത്തിനു പുറമെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സും മറ്റു സംവിധാനങ്ങളുമെല്ലാം ഇതിൽ സംഭാവനകളർപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും മാനുഷിക സഹായങ്ങളും നൽകുന്നതിനും ആരോഗ്യ അവബോധം വളർത്തുന്നതിനും വിവിധ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും അവശത അനുഭവിക്കുന്ന സമൂഹങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനുമാണ് ഇത് ഉപകാരപ്പെട്ടതെന്ന് റിപ്പോർട്ട് പറയുന്നു. 1267 സാമൂഹിക സംരംഭങ്ങളിലൂടെ മത-വംശ വേർതിരിവുകളില്ലാതെയാണ് പദ്ധതികൾ പൂർത്തീകരിച്ചതെന്നും ഇത് വ്യക്തമാക്കുന്നു.
യു.എ.ഇയുടെ മാനുഷികമായ സംരംഭങ്ങൾ ലോകത്ത് വിവിധ രാജ്യങ്ങളിൽ ദീർഘകാല പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതാണെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രസ്താവിച്ചു.
ഇതിന് സംഭാവനകൾ നൽകിയ മുഴുവൻ സംവിധാനങ്ങൾക്കും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവകാരുണ്യ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധസേവകരുടെ എണ്ണം 1,71,000ത്തിൽ അധികമുള്ളതായും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.