ഫലസ്തീൻ വിഷയം ചർച്ചചെയ്ത് യു.എസും യു.എ.ഇയും
text_fieldsദുബൈ: യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്ത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വത പരിഹാരമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്തക്കുറിപ്പില്‍ ഇരുനേതാക്കളും വ്യക്തമാക്കി.
യു.എന്‍ രക്ഷാസമിതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഗസ്സയിലെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ട്. സമാധാനത്തിനായി ഇരുപക്ഷവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണം. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വത പരിഹാരത്തിനുള്ള ഏക മാര്‍ഗം. ഇതിന് തടസ്സം നില്ക്കുന്ന ഏകപക്ഷീയമായ എല്ലാ നീക്കങ്ങളില്‍നിന്നും ഇരുപക്ഷവും പിന്തിരിയണം. അറബ് പീസ് ഇനീഷ്യേറ്റിവിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്വതന്ത്ര ഫലസ്തീന് യാഥാര്‍ഥ്യമാക്കേണ്ടത്. ജറൂസലമിന്റെ ചരിത്രപദവി നിലനിര്‍ത്തുകയും വേണം- സംയുക്ത പ്രസ്താവന പറയുന്നു.
ഗസ്സയിലെ മാനുഷിക പ്രശ്നങ്ങളില്‍ യു.എ.ഇ നടത്തുന്ന ഇടപെടലുകളെ യു.എസ് പ്രസിഡന്റ് പ്രശംസിച്ചു. അടിയന്തര സഹായത്തിനായി കടല്‍ വഴിയുള്ള ഇടനാഴി സ്ഥാപിച്ചും ആശുപത്രികള്‍ തുടങ്ങിയും അസാധാരണമായ ഇടപെടലാണ് യു.എ.ഇ നടത്തിയത്. പരിക്കേറ്റ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിലും അര്‍ബുദ രോഗികള്‍ക്ക് പിന്തുണ നല്‍കുന്നതിലും യു.എ.ഇയുടെ ഇടപെടല്‍ നിര്‍ണായകമായെന്നും ബൈഡന് ഭരണകൂടം പറഞ്ഞു. ഈജിപ്തിനും ഖത്തറിനുമൊപ്പം ഗസ്സയില്‍ യു.എസ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ യു.എ.ഇ എടുത്തു പറഞ്ഞു.
അടിയന്തരമായ വെടിനിര്‍ത്തലും ബന്ദി മോചനവും അത്യാവശ്യമാണ്. പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ ഭീഷണികളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി പരിഹരിക്കേണ്ടതുണ്ട്. ഇരുരാഷ്ട്രങ്ങളും അതിന്റെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും പ്രസ്താവന പറയുന്നു. ദക്ഷിണ ലബനാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സംഘര്‍ഷം ഇല്ലാതാക്കാന്‍ മേഖലയിലെ രാഷ്ട്രനേതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.