ഉപ്പുകൊണ്ടൊരു ഗുഹ
text_fieldsഅൽഐനിലെ പുതിയ ആകർഷണ കേന്ദ്രമായ ഉപ്പുഗുഹ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഉപ്പ് ഖനിയെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ഉപ്പ് ഗുഹയാണിത്. മിഡിൽ ഈസ്റ്റിലെ ഒരേയൊരു ഉപ്പ് ഗുഹയാണ് ഇത്. പോളണ്ടിലെ ക്രാക്കോവിലെ ആദ്യത്തെ പ്രകൃതിദത്ത ഉപ്പ് ഖനിയെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഇത്. വിനോദ സഞ്ചാരികളുടെ അൽഐനിലെ പ്രധാന സന്ദർശന കേന്ദ്രമായ ഗ്രീൻ മുബസ്സറയിലാണ് ഇത് സ്ഥാപിച്ചത്.
18 ഓളം രോഗങ്ങൾക്ക് സാൾട്ട് കേവ് പ്രകൃതിദത്ത ചികിത്സ നൽകുന്നുണ്ട്. സൊറിയാസിസ്, ആർത്രൈറ്റിസ്, സൈനസൈറ്റിസ്, ആസ്ത്മ, എക്സിമ, ഉത്കണ്ട, കൂർക്കംവലി, അലർജികൾ, ജലദോഷം, പനി, ചെവിയുടെ അണുബാധ, റിനിറ്റിസ് എന്നീ രോഗങ്ങൾക്കും പുകവലിക്കാരുടെയും സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചവരുടെയും ശ്വാസനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രകൃതിദത്ത ചികിത്സ ഇവിടെ ലഭ്യമാണ്. ഇവിടെ ലഭിക്കുന്ന ഓരോ സേവങ്ങൾക്കും പ്രത്യേകം ഫീസുണ്ട്.
പകർച്ചവ്യാധികളെയും സാംക്രമികരോഗങ്ങളേയും നേരിടുന്നതിനും ശരീരത്തെ ശുദ്ധീകരിക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനുമുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക് അനുസൃതമായി മേഖലയിൽ മികച്ച സേവനങ്ങൾ നൽകുന്നതിനും ആരോഗ്യകരമായ ഒരു സമൂഹം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗുഹയുടെ നിർമാണം.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് വിദഗ്ധർ 171 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഗുഹ നിർമ്മിച്ചത്. ഏകദേശം 35 പേർക്ക് താമസിക്കാൻ കഴിയും. ആറ് മാസവും അതിൽ കൂടുതലുമുള്ള കുട്ടികൾക്കുള്ള കളിസ്ഥലം, സുഖപ്രദമായ ലെതർ സീറ്റുകൾ, വെന്‍റിലേഷൻ സംവിധാനം, 16 ടൺ പ്രകൃതിദത്ത ഉപ്പ് കൊണ്ട് പൊതിഞ്ഞ ചുമരുകളും നിലകളും, വായുവും ഉപ്പും പമ്പ് ചെയ്ത് അവ ശുദ്ധീകരിക്കുന്ന ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. യൂറോപ്പിലെ പ്രത്യേക തരം ഉപ്പും ഇവിടെ ഉപയോഗിക്കുന്നു. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉപ്പ് ഓരോ ഓരോ സെഷനു ശേഷവും മാറ്റും. തറയിലെ ഉപ്പ് ആറുമാസത്തിലൊരിക്കലും മാറ്റിസ്ഥാപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.