ഉത്തരം പറയാം, കളികാണാം
text_fieldsദുബൈ: ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലെ മഞ്ഞക്കടലിന് നടുവിലിരുന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കാണാൻ ആഗ്രഹമുണ്ടോ ?. ഫുജൈറയിലെയും ഹത്തയിലെയും ഇളകിമറിയുന്ന ഗാലറിയിലിരുന്ന് ആർപ്പുവിളിക്കാൻ തോന്നുന്നുണ്ടോ ? പ്രവാസികളുടെ സ്നേഹം നുകരാൻ കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇമാറാത്തി മണ്ണിൽ ബൂട്ട്കെട്ടുമ്പോൾ ഒപ്പമുണ്ട് പ്രവാസത്തിന്‍റെ മുഖപത്രമായ 'ഗൾഫ് മാധ്യമ'വും. പുതിയ സീസണ് കച്ചമുറുക്കാൻ ഇവാൻ വുകുമിനോവിച്ചിന്‍റെ കുട്ടികൾ കളത്തിലിറങ്ങുമ്പോൾ പ്രിയവായനക്കാർക്ക് കളി കാണാൻ അവസരമൊരുക്കുകയാണ് ഞങ്ങൾ. 'ഗൾഫ് മാധ്യമ'ത്തിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ ബുധനാഴ്ച മുതൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മത്സരത്തിന്‍റെ ടിക്കറ്റുകൾ സമ്മാനമായി നൽകുന്നത്. പ്രീ സീസൺ ടൂർണമെന്‍റിന്‍റെ സംഘാടകരായ എച്ച് 16 സ്പോർട്സുമായി ചേർന്നാണ് മത്സരം ഒരുക്കുന്നത്.
ആഗസ്റ്റ് 20 മുതൽ 28വരെ നടക്കുന്ന പ്രീ സീസൺ ടൂർണമെൻറിൽ ദുബൈ അൽനസ്ർ ക്ലബ്, ദിബ്ബ ക്ലബ്, ഹത്ത എഫ്.സി എന്നിവരാണ് എതിരാളികൾ. മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, പ്രശാന്ത്, ബിജോയ് വർഗീസ് തുടങ്ങിയവർ ഉൾപ്പെടെ സമ്പൂർണ ടീമാണ് യു.എ.ഇയിൽ എത്തുന്നത്. പുതിയ സീസണ് മുന്നോടിയായി ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ക്വിസ് മത്സരത്തിന്‍റെ കൂടുതൽ വിവരങ്ങൾക്കായി ബുധനാഴ്ചത്തെ പത്രം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.