മുസഫയിൽ വാണിജ്യ കെട്ടിടത്തിനു തീപിടിച്ചു
text_fieldsഅബൂദബി: അബൂദബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വാണിജ്യ കെട്ടിടത്തിനു തീപിടിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഫർണിച്ചർ ഷോറൂമിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീ പടർന്നത്. അബൂദബി സിവിൽ ഡിഫൻസ് അധികൃതർ എത്തി തീ അണക്കുകയും കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു.
കെട്ടിടത്തിൽ മെഴ്സിഡസ് ബെൻസിന്റെ സർവിസ് കേന്ദ്രവും പ്രവർത്തിച്ചിരുന്നു. അപകടവ്യാപ്തിയോ നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിൽ തീപിടിച്ചതിനെ തുടർന്ന് പരിസരത്തെ റോഡുകളിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നൽകുന്ന വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസും അബൂദബി പൊലീസും അറിയിച്ചു. അതേസമയം, അപകടസ്ഥലങ്ങളിൽ കൂടിനിൽക്കുന്നതും വാഹനങ്ങൾ നിർത്തുന്നതും രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുകയാണ്. ഇതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയിട്ടുള്ളത്.
ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടാനുണ്ടായതും ഇത്തരം കാരണങ്ങളാണ്. അപകട ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ഇവ പകര്‍ത്തി സമൂഹമാധ്യമങ്ങളിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പാണ് അബൂദബി പൊലീസ് നൽകിയിട്ടുള്ളത്. നിയമലംഘകര്‍ക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക.
അപകടസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതിലൂടെ ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് അപകട സ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അപകടം കണ്ട് ആകാംക്ഷമൂലം ആളുകള്‍ വാഹനം നിര്‍ത്തുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ ഇവര്‍ക്കുമേല്‍ ഇടിച്ചുകയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.