പരിസ്ഥിതി സംരക്ഷണത്തിന് ഇറാനുമായി സഹകരണ കരാർ ഒപ്പുവെച്ചു
text_fieldsഅബൂദബി: ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പങ്കെടുത്തു. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും വിവിധ എൻ.ജി.ഒകൾ, അക്കാദമിക് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ചർച്ചയിൽ മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കുന്നതിന് യു.എ.ഇയുടെ ശ്രമങ്ങളെ അൽ മുഹൈരി പരിചയപ്പെടുത്തി. ഇക്കാര്യത്തിൽ പ്രാദേശിക സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച മന്ത്രിതല വട്ടമേശ യോഗത്തിലും അവർ പങ്കെടുത്തു. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുത്തിന് ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്ന് അൽ മുഹൈരി യോഗത്തിൽ അഭിപ്രായപ്പെട്ടു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുക എന്നത് അടുത്ത തലമുറകളോടുള്ള ധാർമികമായ ബാധ്യതയാണ്. ഇക്കാര്യത്തിലെ വിജയം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും -അവർ കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നത് സംബന്ധിച്ച് ഇറാൻ വൈസ് പ്രസിഡന്‍റും പരിസ്ഥിതി വകുപ്പ് മേധാവിയുമായ ഡോ. അലി സലാജീഗുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
വിദഗ്ധ സന്ദർശനങ്ങൾ, സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരണം, മണൽ-പൊടിക്കാറ്റുകൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകൽ തുടങ്ങിയ കാര്യങ്ങൾ കരാർ പ്രകാരം നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ഇരു കക്ഷികളും സംയുക്ത സെമിനാറുകൾ, പരിശീലന കോഴ്‌സുകൾ, മീറ്റിങുകൾ എന്നിവയും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.