വിവിധ അപകടങ്ങളിൽ ഒരു മരണം; 14 പേർക്ക് പരിക്ക്
text_fieldsദുബൈ: കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ അകലം പാലിക്കാത്തതും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിൾ യാത്രികന് മേൽ കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. മറ്റ് വാഹനങ്ങൾ വരുന്നത് ശ്രദ്ധിക്കാതെ സൈക്കിളിൽ വേഗത്തിൽ പാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കാർ ഡ്രൈവർ ശ്രദ്ധിച്ചാലും അപകടം ഒഴിവാക്കാമായിരുന്നു എന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ദുബൈ -അൽഐൻ റോഡിൽ ട്രക്കിന് പിന്നിൽ മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. എമിറേറ്റ്സ് റോഡിലുണ്ടായ മറ്റൊരു ട്രക്ക് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഡിസ്കവറി ഗാർഡനിൽ ട്രാഫിക് ലൈറ്റ് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അൽ റിബ സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. അകലം പാലിക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം. എമിറേറ്റ്സ് റോഡിലൂടെ നടന്നുപോയ യാത്രികന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. എമിറേറ്റ്സ് റോഡിലെ മറ്റൊരപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ മോട്ടോർ ബൈക്ക് അപകടത്തിൽ യാത്രികന് ഗുരുതര പരിക്കേറ്റു. അൽഖവാനീജിൽ ബൈക്കും മറ്റൊരു വാഹനവും ഇടിച്ചും അപകടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.