യു.എ.ഇ എംബസിയുടെ പേരിലെ വ്യാജ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു
text_fieldsദുബൈ: യാത്രവിലക്ക് മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യയിലെ യു.എ.ഇ എംബസിയുടെ പേരിലെ വ്യാജ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു.
യു.എ.ഇ എംബസിയുടെ വെബ്സൈറ്റ് എന്ന് തോന്നിക്കുന്ന uaeembassy.in എന്ന സൈറ്റാണ് ബ്ലോക്ക് ചെയ്തത്. തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് യു.എ.ഇയിൽ പ്രവാസിയായ മുൻ മന്ത്രി എ.കെ. ബാലെൻറ മരുമകൾ നമിത പരാതി നൽകിയിരുന്നു. ഇതോടെയാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാൻ നടപടി സ്വീകരിച്ചത്.
നമിതയുടെ വിസ അവസാനിക്കാറായ സാഹചര്യത്തിൽ യാത്രാനുമതി ലഭിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനാണ് വെബ്സൈറ്റ് പരിശോധിച്ചത്. uaeembassy.in എന്ന വ്യാജ വെബ്സൈറ്റിലെ മെയിൽ വഴിയാണ് വിശദാംശങ്ങൾ തേടിയത്. തുടർന്ന് ഫോൺവഴി ബന്ധപ്പെട്ടയാൾ ഡൽഹിയിലുള്ള ഒരാളുടെ നമ്പർ നൽകി. ഇൗ നമ്പറിൽ നിന്ന് വാട്സ്ആപ് വഴിയാണ് നമിതയെ ബന്ധപ്പെട്ട് യാത്രാനുമതിക്ക് രേഖകളും പണവും ചോദിച്ചത്. ഇതോടെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ നാട്ടിൽ പരാതി നൽകി. തുടർന്ന് പാലക്കാട് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.
യു.എ.ഇ എംബസിയുടെ സൈറ്റ് സെർച് ചെയ്യുന്നവർക്ക് ഗൂഗ്ളിൽ ആദ്യം ഒാപ്ഷനായി വന്നിരുന്നത് വ്യാജ സൈറ്റ് അഡ്രസായിരുന്നു. https://www.mofaic.gov.ae/en/missions/new-delhi എന്നതാണ് യഥാർഥ എംബസി വെബ്സൈറ്റ് അഡ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.