ഫാഷിസ്റ്റ് ഭരണത്തിന് അധികകാലം ജനങ്ങളെ അടക്കിവാഴാൻ കഴിയില്ല -പി. സുരേന്ദ്രൻ
text_fieldsദുബൈ: ഫാഷിസ്റ്റ് ഭരണത്തിന് അധികകാലം ജനങ്ങളെ അടക്കിവാഴാൻ കഴിയില്ലെന്നതാണ് ലോകചരിത്രമെന്നും പുഷ്കലമായ ജനാധിപത്യത്തിലേക്ക് ഇന്ത്യ മാറിവരുമെന്ന പ്രത്യാശയാണ് തനിക്കുള്ളതെന്നും സാഹിത്യകാരൻ പി. സുരേന്ദ്രൻ. ദുബൈ കെ.എം.സി.സിയുടെ സാഹിത്യ അവാർഡ് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലർ ആത്മഹത്യചെയ്ത ലോകത്താണ് നാമുള്ളത്. ഏതൊരു ഏകാധിപതിക്കും ഫാഷിസ്റ്റ് ഭരണകർത്താക്കൾക്കും കുറഞ്ഞ കാലത്തിനുള്ളിൽതന്നെ ഒരു സ്വാഭാവിക അന്ത്യമുണ്ടാകുമെന്ന് ചരിത്രം ഓർമപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലധിഷ്ഠിതമായ ഏകത്വം ലോകത്തിന് മാതൃകയാണ്. അത് കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നടക്കേണ്ടതെന്നും പി. സുരേന്ദ്രൻ പറഞ്ഞു.
ദുബൈ അൽ നാസർ ലീഷർ ലാൻഡിൽ ദുബൈ കെ.എം.സി.സി സർഗധാര സംഘടിപ്പിച്ച 'ഇഷ്ഖേ ഇമാറാത്ത്' ഈദ് മെഗാ ഇവന്‍റിലാണ് അവാർഡ് സമർപ്പിച്ചത്. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ ഫോർ കമ്യൂണിറ്റി അഫയേഴ്സ് ഉത്തംചന്ദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. സി.പി. ബാവഹാജി, ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി, ഹസൻ ചാലിൽ, മജീദ് മടക്കിമല, ഒ. മൊയ്തു, എസ്. നിസാമുദ്ദീൻ കൊല്ലം തുടങ്ങിയവർ പങ്കെടുത്തു. സൈനുദ്ദീൻ ചേലേരി അവാർഡ് ജേതാവ് പി. സുരേന്ദ്രന്‍റെ എഴുത്തും ജീവിതവും പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.