ദുബൈയിൽ തീയണക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു
text_fieldsദുബൈ: നഗരത്തിലെ അവീർ ഏരിയയിലുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ അപകടത്തിൽ അഗ്നിശമന സേനാംഗം മരിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായ ഉമർ ഖലീഫ അൽ കെത്ബിയാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. തീപിടിത്തത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തീപിടിത്തം ഉണ്ടായതായ വിവരത്തെ തുടർന്ന് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.
രക്ഷാദൗത്യത്തിനിടെ മരിച്ച സേനാംഗത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയ പ്രമുഖർ അനുശോചനവും പ്രാർഥനകളും അറിയിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ദൗത്യനിർവഹണത്തിനിടെ രക്തസാക്ഷിയായ ഉമർ ഖലീഫ അൽ കെത്ബിയെ ദുബൈ അഭിമാനപൂർവം അനുസ്മരിക്കുമെന്നും ശൈഖ് ഹംദാൻ ട്വീറ്റിൽ പറഞ്ഞു.
ഉമറിന് ദൈവത്തിന്റെ കരുണയുണ്ടാകാനും ദുഃഖിതരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദുബൈ ഡിഫൻസിലെ സഹപ്രവർത്തകർക്കും ആശ്വാസവും ശക്തിയും ലഭിക്കാനും പ്രാർഥിച്ചുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ശൈഖ് മക്തൂം, ദുബൈയുടെ ഓർമയിലും ജനങ്ങളുടെ ഹൃദയത്തിലും ഉമർ എക്കാലവും ജീവിച്ചിരിക്കുമെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഓരോ നിമിഷവും ജീവൻ പണയപ്പെടുത്തിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമറിന്റെ ഖബറടക്കം ശനിയാഴ്ച അൽ ഖിസൈസിലെ ഖബർസ്ഥാനിൽ നടന്നു. മിസ്ഹർ-1ൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അനുശോചനം അറിയിക്കാൻ സൗകര്യം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.