വ്യോമ സേനയോടൊപ്പം ഒരു വിമാനയാത്ര
text_fieldsആകാശ പക്ഷിയുടെ ചിറകിലേറി വാന സഞ്ചാരത്തിന് കൊതിക്കാത്തവരാരുമുണ്ടാവില്ല . സഞ്ചരിച്ചവർക്ക് ആദ്യ വിമാന യാത്രയുടെ എക്സൈറ്റ്മെന്റും മറ്റുമായി ഒരു അനുഭൂതിയുള്ള അനുഭവമായിരിക്കും. എന്റെ ആദ്യ വിമാന യാത്ര വ്യതസ്തമായൊരു ഒരു അനുഭവമായിരുന്നു. വളരെ രസകരമായ നമ്മൾ കൂട്ടുകാരിന്നും ഓർമകളയവിറക്കുന്നൊരു നർമ്മ സംഭവം.
വളരെ യാദൃച്ഛികമായിട്ടാണ് ഞങ്ങൾക്ക് വിമാന യാത്രയ്ക്കുള്ള അവസരമൊരുങ്ങുന്നത്. അവസരമൊരുക്കിയത് ആകട്ടെ ഇന്ത്യൻ സേനയും. സംഭവം എന്താണന്നല്ലേ. അഞ്ചു ദിവസം മാത്രം ലക്ഷ്യമിട്ട് കാശ്മീരിലെത്തിയ നമ്മൾക്ക് ഒരാഴ്ച പിന്നിട്ടിട്ടും കാശ്മീർ വിടാൻ പറ്റിയില്ല. കാശ്മീരിനെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ചുരപാത ഇടിഞ്ഞതാണ് കാരണം. ജമ്മുവിൽനിന്ന് കാശ്മീരിനെ ബന്ധിപ്പിക്കുന്ന തുരങ്കപാത നിലവിൽ വരുന്നതിനു മുമ്പ് വളരെ ദുസ്സഹമായിരുന്നു ജമ്മുവിൽനിന്ന് കാശ്മീരിലേക്കും തിരിച്ചും ഉള്ള യാത്ര. പക്ഷെ അത് അവിടുത്തുകാർക്ക്, നമുക്കത് തീർത്തും ആസ്വാദ്യകാരമായിരുന്നു. ജമ്മു കാശ്മീർ എന്ന് ഒന്നിച്ചു മാത്രം കേട്ടിട്ടുള്ള നമ്മൾക്ക് ജമ്മുവും കാശ്മീരും അജഗജാന്തരം വ്യത്യാസവും ദൂരവും ഉണ്ടെന്നു അറിയുന്നത് ആ യാത്രയിലാണ്. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡിൽനിന്ന് ബസിലായിരുന്നു നമ്മൾ അങ്ങോട്ട് പുറപ്പെട്ടത്. കണ്ണിനു വിരുന്നേകിയ ആ പതിനേഴ് മണിക്കൂർ യാത്ര നാം ശരിക്കും ആസ്വദിച്ചിരുന്നു. ദേവതാരൂ വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന താഴ്വരകളിലൂടെയും വലിയ വലിയ പാറക്കെട്ടുകൾ ഉള്ള മലയിടുക്കുകൾക്കിടയിലൂടെയും ആക്രൂട്ടും ചിനാറും നിറഞ്ഞ ഗ്രാമങ്ങളിലൂടെയും നമ്മൾ ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് സഞ്ചരിച്ചു.
പാതിരാത്രിയിൽ ജവഹർ തുരങ്കത്തിന്റെ മുന്നിൽ നിന്ന് പൂർണ ചന്ദ്രന്റെ പ്രഭാ വെട്ടത്തിൽ ആദ്യമായി ശുഭ്ര വർണത്താൽ പൂരിതമായ മഞ്ഞു മല കണ്ടപ്പോൾ ഉള്ള ഒരു ഫീൽ.. ഇത്രയേറെ കണ്ണിനു വിരുന്നേകിയ ആ പാതയിലൂടെ തന്നെ തിരിച്ചു വരാനും ഏറെ കൊതിച്ചിരുന്നു. ഗുൽമാർഗും, ടാൻമർഗും, ശ്രീനഗറും, യൂസ്മർഗും സോനാമർഗുമൊക്കെയായുള്ള അഞ്ചു ദിവസത്തെ കശ്മീർ ദിനങ്ങൾ ശരിക്കും ആസ്വദിച്ചു. കശ്മീരീ സംസ്കാരങ്ങളും സൽകാര പ്രിയരായ പ്രദേശവാസികളെ ഇടപെടലുകളുമൊക്കെ മനസ്സിനെ ശരിക്കും കുളിർപ്പിച്ചു. മനസ്സിനെയും ശരീരത്തെയും ഒരു പോലെ കുളിരണിയിച്ച ദിവസങ്ങളായിരുന്നു കാശ്മീരിലേത്.
അന്തരീക്ഷം പൊടുന്നനെയാണ് മാറിമറിഞ്ഞത്. നാടെങ്ങും കർഫ്യൂകൾ. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. രണ്ടും കല്പിച്ചു യാത്ര തിരിച്ച നമ്മൾക്ക് കൂനിന്മേൽ കുരു പോലെയായി അടുത്ത പണി വന്നു. ശ്രീനഗർ- ജമ്മു പാത ഇടിഞ്ഞിരിക്കുന്നു. ഒരാഴ്ചയിലധികമാകും അത് നേരെയാക്കാൻ എന്നറിഞ്ഞു. പൻത്താചൗക്കിൽ നിന്നും പൊലീസുകാർ വഴി തടഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാകാതെ, ചണ്ഡിഗഡിൽ നിന്നും നാളെ മടക്ക ട്രെയിനുണ്ടെന്നും ആ സമയത്തു എത്തിച്ചേരേണ്ടതുണ്ടെന്നും കെഞ്ചി പറഞ്ഞെങ്കിലും പൊലീസുകാർ സമ്മതിച്ചില്ല. പിന്നീട് ന്യൂസ് പേപ്പറുകളിലും മറ്റും അറിഞ്ഞാണ് മലയിടിച്ചലിന്റെ കാഠിന്യം അറിഞ്ഞത്. എന്തായാലും നാല് ദിവസം കൂടി കാശ്മീരിൽ അധികം കഴിഞ്ഞു. ചെറിയ ടൗൺ ആയ പൻത്താചൗക്കിന്റെ തെരുവോരങ്ങൾ നമ്മുടേതാക്കിയ നാല് ദിനാരാത്രങ്ങളായിരുന്നു പിന്നീട്. സമീപത്തുള്ള ഒരു നിസ്കാര പള്ളിയിൽ താമസം. പകൽ കാശ്മീരികളുമായി ക്രിക്കറ്റ് കളി. സൗഹൃദങ്ങളിൽ നിന്ന് സൗഹൃദങ്ങളിലേക്കുള്ള സഞ്ചാരം. സന്ധ്യയാകുമ്പോഴേക്ക് വിജനമാകുന്ന നഗരം. പ്രദേശവാസികളെക്കാൾ അധികമുള്ള പട്ടാളക്കാർ. റോന്തു ചുറ്റുന്ന പട്ടാള വണ്ടികൾ. അങ്ങനെ അങ്ങനെ പല അനുഭവങ്ങളായിരുന്നു പൻത്താചൗക്കിൽ. ഇതിനിടയിൽ കുറച്ചു മലയാളീ ജവാന്മാരെയും സൗഹൃദ ലിസ്റ്റിൽ ചേർത്തു. ചണ്ഡീഗഡിൽ നിന്നുള്ള മടക്കവണ്ടി ചൂളം വിളിച്ചു വിട്ടിട്ടുണ്ടാവും. എന്നിട്ടും നമ്മൾ ഇവിടെ തന്നെ. കയ്യിലുള്ള കാശ് ഒക്കെ തീർന്നു തുടങ്ങി. എന്ത് ചെയ്യും എന്ന് മനസിലാകാതെ നിൽക്കുമ്പോഴാണ് ആ വാർത്ത അറിയുന്നത്. നാളെ രാവിലേ കാശ്മീരിൽ കുടുങ്ങിയവർക്ക് വേണ്ടി ഇന്ത്യൻ എയർഫോഴ്സിന്റെ ഫ്ലൈറ്റ് സർവീസ് ഉണ്ടത്രേ. രാവിലെ ശ്രീ നഗറിൽ പോയി ടിക്കറ്റ് എടുക്കണം. ആയിരം രൂപയാണ് ചാർജ്. പിറ്റേന്ന് അതിരാവിലെ തന്നെ ശ്രീനഗറിലെത്തി. ബുക്കിങ് സിസ്റ്റം ഇല്ലാത്തതു കൊണ്ട് തന്നെ വൻ ജനാവലി ടിക്കറ്റ് എടുക്കാൻ നിരയിലുണ്ട്. ആകെ 300 പേർക്കൊ മറ്റോ ആണ് അവസരം. വളരെ കഷ്ടപ്പെട്ട് ടിക്കറ്റുകൾ ഒപ്പിച്ചു. പിന്നെ ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക്. ആദ്യമായുള്ള വിമാനയാത്ര. നല്ല അടിപൊളി ഡ്രസ്സ് കോഡ് ഒക്കെയായി നമ്മളാകെ അങ്ങ് ഒരുങ്ങി.
ബോഡി പാസും കഴിഞ്ഞു ടെർമിനലിൽ ഇരുന്നു. ഇൻഡിഗോയും എയർ ഇന്ത്യയുമൊക്കെ കണ്ടു കൗതുകത്തോടെ ഇങ്ങനെ ഇരിക്കുകയാണ്. ഒമ്പത് മണിക്കാണ് ഫ്ലൈറ്റ് പറന്നത്. ഒമ്പതു പോയിട്ട് പത്തും പന്ത്രണ്ടും എന്തിനു വൈകുന്നേരം നാല് മണി വരെ കഴിഞ്ഞു. ഒരു വിവരവുമില്ല. കശ്മീരികളും പഞ്ചാബികളും പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീടങ്ങോട്ട് എയർപോർട്ടിനെ ഇളക്കി മറിച്ച പ്രകടനമായിരുന്നു. നമ്മൾ കുറച്ചു മലയാളികളും കൂടി ആയപ്പോൾ അന്തരീക്ഷം അങ്ങനെ ഇളകി മറിഞ്ഞു. കയ്യിലുണ്ടായ ബാറ്ററി മൈക്ക് കൊണ്ട് നമ്മളിലൊരുത്തൻ ഇംഗ്ലീഷിൽ നല്ല കിടുക്കാച്ചി പ്രതിഷേധ പ്രസംഗവും കൂടി നടത്തിയതോടെ സംഭവം അങ്ങ് കളറായി. അങ്ങനെ അവസാനം മധുര ഫലമെന്നോണം നമ്മളെ ഏവരെയും നിര നിരയായി നിർത്തി വിമാനത്തിന്റെ അരികിലേക്ക്. വലിയ വലിയ ആകാശപക്ഷികൾ ഒരുപാടെണ്ണം ഇപ്പോൾ മുന്നിലുണ്ട്. ഇതിലെത്തായിരിക്കും നമ്മുടേത്. പട്ടാളക്കാർ തോക്കുമെടുത്തു നമ്മളെയെല്ലാം കൂട്ടി വ്യോമസേനയുടെ വിമാനത്തിലേക്ക് നടത്തി. ഞാനറിഞ്ഞ വിമാനങ്ങളിൽ നിന്നും വിഭിന്നമായി പിൻ ഭാഗത്താണ് ഇതിന്റെ വാതിൽ. ഇത് വാതിലാണോ എന്ന് പറയാൻ പറ്റില്ല. പിൻഭാഗത്തെ വലിയൊരു ഭാഗം തുറന്നു താഴേക്ക് വെച്ചിരിക്കുകയാണ്. അതിലൂടെയാണ് നമ്മൾ ഉള്ളിൽ കയറേണ്ടത്. ഉള്ളിൽ കയറിയപ്പോൾ അതിലപ്പുറം അമ്പരപ്പ്. സ്വപ്നം കണ്ട പോലെ പുഷ്ബാക് സീറ്റും വിൻഡോ കാഴ്ചകളും ഫ്ലൈറ്റ് ഫുഡും എയർഹോസ്റ്റേഴ്സും ഒന്നുമില്ല...
എന്തിനു സീറ്റ് പോലുമില്ല.. എല്ലാവരും നിലത്തു നിരനിരയായി ചമ്രം പടിഞ്ഞിരിക്കുന്നു. അഞ്ചു പേർക്ക് കൂടിയിട്ട് പിടിക്കാൻ ഒരു കമ്പമുണ്ട്. വിമാനം പൊങ്ങുമ്പോഴും ഇറങ്ങുമ്പോഴും അത് പിടിക്കണം. സൈഡ് കാഴ്ച്ചകൾക്ക് ആഗ്രഹമിട്ടു വന്ന എനിക്ക് ചുറ്റും കാണുന്നത് റൗണ്ടാകൃതിയിലുള്ള ഇരുണ്ട ഈ വിമാന പക്ഷിയുടെ വയറ്റിൽ അഭയാർഥികളെ പോലെ ചമ്രം പടിഞ്ഞിരിക്കുന്ന യാത്രക്കാരും തോക്കു പിടിച്ചു ഇടവിട്ട് ഇടവിട്ട് നിൽക്കുന്ന പട്ടാളക്കാരും പിന്നെ വിമാനത്തിന്റെ കുറെ വയറുകളും മെഷീനുകളും. അങ്ങനെ നമ്മൾ മുന്നൂറു പേരെയും കൊണ്ട് ആ വിമനപക്ഷി പറന്നുയർന്നു. നാൽപതു മിനുട്ട് ആകാശ യാത്രയ്ക്ക് ശേഷം ജമ്മുവിലെ ഉദംപൂരിൽ ആർമി ക്യാമ്പിൽ ലാൻഡ് ചെയ്തു. ഒരു വണ്ടി പോലുമില്ലാത്ത കുഗ്രാമത്തിൽ ഇറങ്ങിയ നമ്മൾ അഞ്ചു കിലോമീറ്ററുകളോളം നടന്നാണ് ഉദംപൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടുന്ന് ഡൽഹിയിലേക്ക് പോയത് വേറെ കഥ. ഏതായാലും എന്റെ ആദ്യ വിമാന യാത്ര വല്ലാത്തൊരു അനുഭവമായിപോയി. രാവിലെ മുതൽ ഒന്നും കഴിക്കാതെ പുതിയ വസ്ത്രമൊക്കെ ധരിച്ചു പ്രകടന പ്രതിഷേധങ്ങൾ കഴിഞ്ഞു വിമാനത്തിൽ നിലത്തിരുന്നു യാത്ര ചെയ്തു. പിന്നെ റെയിൽവേ ട്രാക്കിലൂടെ അഞ്ചു കിലോ മീറ്റർ നടന്നു. അതും കശ്മീരിന്റെ കഠിന തണുപ്പിൽ നിന്നും മാറി ജമ്മുവിന്റെ കഠിന ചൂടിലൂടെ. ഉധംപൂർ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു. വിശന്നൊട്ടിയ വയറിനെ ഒന്ന് റെഡി ആക്കി റയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിൽ നമ്മൾ ട്രെയിനും കാത്തിരുന്നു. ഒരു ആകാശ യാത്ര കഴിഞ്ഞവന്റെ ലാഘവത്തോടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.