മികച്ച ആശയമുണ്ടോ നിക്ഷേപം നേടാം; വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് ജനുവരി 11 മുതൽ ദുബൈയിൽ
text_fieldsദുബൈ: സ്റ്റാർട്ടപ്പുകൾക്കും സോഷ്യൽ മീഡിയ കണ്ടന്റ് നിർമാതക്കൾക്കും മികച്ച നിക്ഷേപം കണ്ടെത്താൻ അവസരമൊരുക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ മൂന്നാം എഡിഷൻ അടുത്ത വർഷം ജനുവരി 11 മുതൽ13 വരെ ദുബൈയിൽ നടക്കും.
വൻകിട നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ കണ്ടന്റ് നിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണിത്. ന്യൂ മീഡിയ അക്കാദമിയാണ് മത്സരത്തിന്റെ സംഘാടകർ.
മത്സരത്തിൽ വിജയിക്കുന്ന രണ്ടുപേർക്ക് നിക്ഷേപം, നയപരമായ സഹകരണം, രക്ഷാധികാരം എന്നിവ ഉൾപ്പെടെയുള്ള പിന്തുണ ലഭിക്കും. ഏറ്റവും മികച്ച നിക്ഷേപകർക്ക് ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് വൻ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് എന്ന് ന്യൂ മീഡിയ അക്കാദമി സി.ഇ.ഒ ആലിയ അൽ അഹമ്മദി പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 20ന് മുമ്പ് ബിസിനസ് ആശയങ്ങൾ സമർപ്പിക്കണം. ഇതിൽനിന്ന് മികച്ച 25 ആശയങ്ങളാണ് തെരഞ്ഞെടുക്കുക. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് വ്യവസായ വിദഗ്ധർ നയിക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും.
തുടർന്ന് ജനുവരിയിൽ നടക്കുന്ന ഇവന്റിൽ പങ്കെടുക്കാനും പിന്തുണയും നിക്ഷേപവും നേടാനുമുള്ള വൈദഗ്ധ്യവും അറിവും പകർന്നു നൽകുകയും ചെയ്യും. അപേക്ഷകർ 18 വയസ്സ് പൂർത്തിയായവർ ആയിരിക്കണം. ഓരോ സ്റ്റാർട്ടപ്പിനും ഒരു ബിസിനസ് ആശയം സമർപ്പിക്കാം.
വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തുടർന്ന്, ഈ എൻട്രികൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. തെരഞ്ഞെടുക്കപ്പെട്ട 25 അപേക്ഷകർക്ക് വൺ ബില്യൺ ഫോളോവേഴ്സ് വേദിയിൽ തത്സമയം ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
ശേഷം ഇതിൽനിന്ന് തെരഞ്ഞെടുത്ത 10 ആശയങ്ങൾ രണ്ടാം ഘട്ട മത്സരത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിൽ നിന്നാണ് രണ്ടു പേരെ തെരഞ്ഞെടുക്കുക. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള 3000 കണ്ടന്റ് നിർമാതാക്കൾ, ഇൻഫ്ലുവൻസേഴ്സ് എന്നിവരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.